ജീവിതത്തില്‍ ഭാഗ്യം വന്ന് ചേര്‍ന്നതോടെ പ്രാണനും കയ്യില്‍പ്പിടിച്ച് ഓടുകയാണ് പഞ്ചാബ് സ്വദേശിയായ റാം സിങും ഭാര്യ നസീബും. പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയുടെ ടിക്കറ്റ് 200 രൂപ മുടക്കി നസീബ് എടുത്തു. ഒന്നാം സമ്മാനവുമടിച്ചു. ദിവസ വേതനക്കാരായ റാം സിങും നസീബും കോടിപതികളായ വിവരം നാട്ടിലെങ്ങും പാട്ടായി. ഇതോടെ ദമ്പതികളുടെ സ്വസ്ഥതയും നശിച്ചു.
കുടുംബത്തിന്‍റെ സുരക്ഷിതാര്‍ഥം വീടുപൂട്ടി, ഫോണും സ്വിച്ച് ഓഫ് ചെയ്ത് റാം സിങ് രഹസ്യ കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. വിവരമറിഞ്ഞ ഫരീദ്കോട്ട് പൊലീസ് റാംസിങിനെ വിളിച്ച് സുരക്ഷ ഉറപ്പാക്കാമെന്നും പേടിക്കേണ്ടെന്നും ഉറപ്പുനല്‍കി. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് തങ്ങള്‍ ഉള്ളതെന്നും ഒരാപത്തും വരില്ലെന്നും കുടുംബത്തിന് ഉറപ്പ് നല്‍കിയെന്ന് ഡിസിപി വ്യക്തമാക്കി. ആരെങ്കിലും കുടുംബത്തോടെ അപായപ്പെടുത്തിക്കളയുമെന്നും പണം തട്ടിയെടുക്കുമെന്നുമായിരുന്നു ഇവരുെട ഭയം.
കഴിഞ്ഞ രണ്ട് വര്‍ഷമായി പതിവായി 50 രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് ഇവര്‍ എടുക്കാറുള്ളതെന്ന് ലോട്ടറി വില്‍പ്പനക്കാരനായ രാജു പറയുന്നു. ഒരിക്കല്‍ പോലും അടിച്ചിട്ടുമില്ല. ഇക്കുറി ലോട്ടറിയെടുക്കാന്‍ വന്നപ്പോള്‍, മടിക്കാതെ 200 രൂപ മുടക്കാന്‍ താന്‍ പറഞ്ഞുവെന്നും എന്നാല്‍ 200 രൂപയ്ക്ക് ലോട്ടറിയെടുത്താല്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടാകുമെന്ന് നസീബും റാമും പറഞ്ഞുവെന്നും രാജു പറയുന്നു. താന്‍ പറഞ്ഞത് വെറുതേയായില്ലെന്നും ഭാഗ്യം ഇക്കുറി നസീബിനെ തുണച്ചതില്‍ സന്തോഷമുണ്ടെന്നും രാജു പറയുന്നു. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഇവര്‍ക്കുള്ളത്. പെണ്‍മക്കള്‍ വിവാഹിതരാണ്. മകന്‍ കര്‍ഷകനും. ലോട്ടറിയടിച്ച് കിട്ടിയ പണത്തിന് വീടുവയ്ക്കാനാണ് കുടുംബത്തിന്‍റെ പദ്ധതി.