japan-man-lottery

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

TOPICS COVERED

ഒരു ലോട്ടറി അടിച്ചാല്‍ എന്തുചെയ്യും? അതും ഒട്ടും പ്രതീക്ഷിക്കാത്ത സംഖ്യ? ഒരുപക്ഷേ ആദ്യമുണ്ടാകുന്ന ഞെട്ടലും ഭയവും കാരണം പലരും ഇത് രഹസ്യമായി സൂക്ഷിക്കും. എന്നാല്‍ സ്വന്തം കുടുംബത്തില്‍ നിന്നും അതായത് ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും രഹസ്യമായി സൂക്ഷിക്കുമോ? എന്നാല്‍ അത്തരത്തില്‍ ഒരാളുടെ കഥയാണ് ശ്രദ്ധേയമാകുന്നത്. ജപ്പാനിലാണ് സംഭവം. ഒന്നും രണ്ടുമല്ല 600 മില്യൺ യെൻ (ഏകദേശം 34 കോടി രൂപ) ലോട്ടറിയടിച്ച വയോധികനാണ് ഇക്കാര്യം സ്വന്തം ഭാര്യയില്‍ നിന്നും കുടുംബത്തില്‍ നിന്നും മറച്ചുവച്ച് രഹസ്യമായി ആഡംബര ജീവിതം നയിച്ചത്.

കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളിൽ ഭാര്യയ്ക്കായിരുന്നു പൂര്‍ണ സ്വാതന്ത്ര്യമെന്നും തനിക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്നുമാണ് ഇതിന് കാരണമായി 66കാരന്‍ പറയുന്നത്. വിവാഹശേഷം ബിയർ കഴിക്കുന്നത് പോലും ഭാര്യ വിലക്കിയിരുന്നു. പഴയ വിലകുറഞ്ഞ കാർ വാങ്ങാൻ മാത്രം വാങ്ങാനേ ഭാര്യ തനിക്ക് അനുമതി നല്‍കിയിരുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നു. അതേസമയം, തനിക്ക് 5 മില്യൺ യെൻ (ഏകദേശം 28.5 ലക്ഷം രൂപ) ലോട്ടറിയടിച്ചതായി അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നു. ഈ തുക വീട് പുതുക്കിപ്പണിയാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജാപ്പനീസ് മാധ്യമമായ ദി ഗോൾഡ് ഓൺലൈന്‍റെ റിപ്പോർട്ട് പ്രകാരം, ടോക്കിയോയിലാണ് വൃദ്ധ ദമ്പതികള്‍ താമസിക്കുന്നത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. ഇരുവർക്കുമായി 300,000 യെൻ (ഏകദേശം 1,78,000 രൂപ) പ്രതിമാസ പെൻഷൻ ലഭിക്കുന്നുമുണ്ട്. 66 കാരന്‍ ലോട്ടറിയെടുക്കുന്നത് സ്ഥിരമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഗ്രാന്‍ഡ് പ്രൈസ് ലഭിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അദ്ദേഹം സ്തബ്ദനായി. ഒരു സ്വപ്നം പോലെ തോന്നുവെന്നും ഭയം തോന്നുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പിന്നാലെയാണ് വിവരം ഭാര്യയെ അറിയിക്കേണ്ടതില്ലെന്ന അസാധാരണ തീരുമാനം എടുക്കുന്നത്.

66 കാരനായ അദ്ദേഹം സമ്മാനത്തുക ആഡംബരപൂര്‍ണമായ ജീവിതത്തിനായി ചെലവഴിച്ചു. ഒരു ആഡംബര കാർ വാങ്ങി, ആഡംബര റിസോർട്ടുകളിൽ മാറിമാറി താമസിച്ചു, രാജ്യത്തുടനീളം സഞ്ചരിച്ചു. അങ്ങിനെ ആറ് മാസത്തിനുള്ളിൽ അദ്ദേഹം 18 ദശലക്ഷം യെൻ (ഏകദേശം 1.03 കോടി രൂപ) ചെലവഴിച്ചു. തന്റെ ആഡംബര ജീവിതം ഭാര്യ അറിയാതിരിക്കാൻ പുതിയ കാർ ഒളിപ്പിച്ചുവെക്കുകയും പഴയ വസ്ത്രങ്ങൾ മാത്രം ധരിച്ച് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ജീവിതത്തിന്‍റെ തന്നെ ഗതിമാറി.

പയ്യെ അദ്ദേഹത്തിന്റെ രഹസ്യ ജീവിതശൈലി കുറ്റബോധത്തിലേക്കും ഏകാന്തതയിലേക്കും മാറി. മറ്റ് ദമ്പതികളെ കാണുമ്പോള്‍ അദ്ദേഹം തന്‍റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കാനാരംഭിച്ചു. വിവാഹമോചിതനായ പിതാവിനെ കുറിച്ചുള്ള പഴയ ഓര്‍മ്മകളും മനസിലേക്കെത്തി. ‘ഈ പണം എന്റെ സ്വന്തം പരിശ്രമത്തിലൂടെ സമ്പാദിച്ചിരുന്നെങ്കിൽ, ഞാൻ അതിൽ അഭിമാനിക്കുമായിരുന്നു. എന്നാൽ പരിശ്രമമില്ലാതെ ലഭിക്കുന്ന സമ്പത്ത് അസുഖകരമായ ഓർമ്മകൾ ഉണർത്തുകയും ജീവിതത്തെ പിടിച്ചുലയ്ക്കുകയും ചെയ്യും’ അദ്ദേഹം പറഞ്ഞു. പിന്നാലെ അദ്ദേഹം തന്റെ കുടുംബത്തെ ഗുണഭോക്താക്കളാക്കി ഏകദേശം 500 ദശലക്ഷം യെൻ (28.6 കോടി രൂപ) ഇൻഷുറൻസിൽ നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു. പെട്ടെന്നുണ്ടാകുന്ന സമ്പത്ത് കുടുംബാംഗങ്ങൾക്കിടയിൽ സംഘർഷങ്ങൾക്ക് കാരണമാകുന്ന 66 കാരന്‍റെ കഥ ജപ്പാനിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്.

ENGLISH SUMMARY:

A 66-year-old Japanese man who won a 600 million Yen ($4 million/₹34 Crores) lottery prize chose to hide the entire fortune from his wife and children. He justified his decision by stating his wife had tight control over their finances, even forbidding him from minor luxuries like beer. He lied to her, saying he won only 5 million Yen for house renovations. The man proceeded to live a secret lavish life, buying a luxury car and staying in high-end resorts, spending over 18 million Yen in six months. However, the secrecy eventually led to guilt and loneliness. He later decided to invest nearly 500 million Yen in insurance, naming his family as beneficiaries. His story of sudden wealth causing personal turmoil has gone viral in Japan.