സത്യത്തില്‍ ആശാ വര്‍ക്കേഴ്സ് എന്നു പറയുന്ന ഒരു വിഭാഗം തൊഴില്‍ മേഖലയില്‍ എവിടെയും ഇല്ല! അവര്‍ തൊഴിലാളികളല്ല, ഒരു തൊഴില്‍ നിയമത്തിനും കീഴിലല്ല അവര്‍, നിശ്ചിതമായ തൊഴിലിടവുമില്ല, അതിനാല്‍ തന്നെ തൊഴിലിടത്തെ അവകാശങ്ങളും ചട്ടവട്ടങ്ങളും ഒന്നും അവരെ തൊടുന്നേയില്ല. ഒാണറേറിയം വാങ്ങി സമൂഹനന്‍മക്കായി സേവനം ചെയ്യുന്ന ഒരുവിഭാഗം മാത്രമാണ് ആശാ വര്‍ക്കര്‍മാര്‍.

ഏറ്റവും മികച്ച തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന, ശക്തമായ ട്രേഡ് യൂണിനുകളുള്ള ഒരുരാജ്യമാണ് ഇന്ത്യ. 20 പേരില്‍കൂടുതല്‍ ജോലിയെടുക്കുന്ന ഏതു തൊഴിലിടത്തിലും പരാതി പരിഹരിക്കാന്‍ റിഡ്രസല്‍ കമ്മറ്റികള്‍ വേണം. തൊഴിലാളികള്‍ക്ക് പണിമുടക്കാന്‍ നിയമപരമായ അവകാശമുള്ള രാജ്യമാണ് ഇന്ത്യ. മിനിമം വേതനം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവക്കും നിയമപരമായ അടിത്തറയുണ്ട്. അവധി, ചികില്‍സാ സഹായം തുടങ്ങി ഏറ്റവും അടിസ്ഥാനപരമായ പല അവകാശങ്ങളും തൊഴിലാളികള്‍ നേടിയെടുത്തു. ഇതൊന്നും ഒരു ദിവസംകൊണ്ട് നേടിയതല്ല. നൂറ്റാണ്ടിലേറെ ചരിത്രമുള്ള ഇന്ത്യന്‍തൊഴിലാളി പ്രസ്ഥാനത്തിന്‍റെ വലിയ പോരാട്ടങ്ങളുടെ കഥകള്‍ ഇതിന് പിന്നിലുണ്ട്. ഐ.എന്‍.ടിയു.സി , സി.ഐ.ടി.യു, എ.ഐ.ടിയു.സി തുടങ്ങി എത്രയോ തൊഴിലാളി പ്രസ്ഥാനങ്ങളുടെ നിരന്തരമായ പോരാട്ടങ്ങളാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വഴിതെളിഞ്ഞത്.

മിനിമം വേജസ് ആക്ട്, ഫാക്ടറീസ് നിയമം, പ്രസവാനുകൂല്യനിയമം, തുല്യവേതന നിയമം, ബോണസ്– പ്രോവിഡന്‍റ് ഫമ്ട്, തുടങ്ങിയവ സംബന്ധിച്ചുള്ള നിയമങ്ങള്‍, തൊഴിലിടത്തെ ലൈംഗിക ചൂഷണം തടയാനുള്ള നിയമം, അടിമപ്പണി നിരോധന നിയമം ഇങ്ങനെ ഒരുഡസനോളം പ്രധാന നിയമങ്ങളാണി തൊഴില്‍ മേഖലയെ നിലനിറുത്തുന്നത്.

എന്നാല്‍ ആധുനികകാലത്തെ ഏറ്റവും നല്ല ചൂഷണ മാര്‍ഗമാണ് ഒാണറേറിയം എന്ന ചെറുതുക നല്‍കി സേവനം എന്ന ലേബലും ഒട്ടിച്ചുള്ള  പണിയെടുപ്പിക്കല്‍. ആശാ വര്‍ക്കേഴ്സ്, അങ്കണ്‍വാടി വര്‍ക്കേഴ്സ് തുടങ്ങിയവരെല്ലാം ഈ വിഭാഗത്തിലാണ്. ഏറ്റവും സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ് പണിയെടുക്കുന്നവരെല്ലാം. ഭൂരിഭാഗവും സ്ത്രീകളും. 237 രൂപയാണ് ആശാ വര്‍ക്കേഴ്സിന്‍റെ ദിവസ വേതനം. ഇതുകൊണ്ട് ഒരു മനുഷ്യന് ജീവിക്കാനാകുമോ? എല്ലാ വഴിയും അടഞ്ഞപ്പോഴാണ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് അവരെത്തിയത്. ഇന്ന് ആശാ സമരം സെക്രട്ടേറിയറ്റിന് മുന്നിലെ ഏറ്റവും സുദീര്‍ഘമായ സ്ത്രീ പ്രതിഷേധമെന്ന  നിലയിലേക്ക് വളര്‍ന്നിരിരക്കുന്നു,

മൂന്നുവട്ടവും ചര്‍ച്ച നടത്തിയിട്ടും പ്രശ്ന പരിഹാരം ഉണ്ടാകാത്തതിന് എന്താണ് കാരണം? 

അടിസ്ഥാന വേതനം കൂട്ടണം, ആനുപാതികമായി ലഭിക്കേണ്ട ഇന്‍സെന്‍റീവ്സും മറ്റാനുകൂല്യങ്ങളും കിട്ടിയേ മതിയാകൂ എന്ന നിലപാടില്‍ ആശാ വര്‍ക്കര്‍മാര്‍ ശക്തമായി ഉറച്ചു നില്‍ക്കുന്നു. നേരിയ വര്‍ധന എങ്കിലും ഇല്ലാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്. അവരുടെ പൊള്ളുന്ന അനുഭവങ്ങളും നേരിടുന്ന കടുത്ത സാമ്പത്തിക പ്രശ്നങ്ങളുമാണ് ഈ നിലപാടിന് അടിസ്ഥാനമെന്ന് വ്യക്തം. 

കേന്ദ്രം ആശാ വര്‍ക്കാര്‍മാരെ തൊഴിലാളികളായി അംഗീകരിക്കണം. വേതനവും ഇന്‍സെന്‍റീവും വര്‍ധിപ്പിക്കുകയും വേണം. സംശയമില്ല. പക്ഷെ അതിനും മുന്‍പ് സംസ്ഥാനത്തിന് ചെയ്യാനാവുന്നത് ചെയ്താലെ 50 ദിവസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍മഴയും വെയിലും കൊണ്ട് വലയുന്നവരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും അവര്‍ക്ക് ആശ്വാസം പകരാനും കഴിയൂ. വേതന വര്‍ധന പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് പ്രധാന ചോദ്യം. അതില്ലെങ്കില്‍ സമരം തുടരുമെന്നാണ് ആശാ വര്‍ക്കര്‍മാര്‍ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നത്. ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും ആശയവിനിമയത്തിലൂടെയും സമവായത്തിലൂടെയും സമരം അവസാനിപ്പിക്കാന്‍  ഇനിയും ശ്രമിക്കുമോ ? അതോ സമരവഴിയില്‍ തന്നെയാകുമോ ആശമാര്‍? 

ENGLISH SUMMARY:

The struggle of Asha workers continues as they demand fair wages and recognition as employees. Despite multiple discussions, no resolution has been reached. Will the state government announce a wage hike, or will the protest persist?