പശ്ചിമേഷ്യയെ മാസങ്ങളായി പിടിച്ചുലച്ച യുദ്ധഭീതിക്ക് വിരാമമിട്ട്, അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ യാഥാർത്ഥ്യത്തിലേക്ക്. ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെക്കുന്നതോടെ ലോകം ഉറ്റുനോക്കുന്നത് ഗൾഫ് മേഖലയിലേക്കാണ്. ചരിത്രത്തിലാദ്യമായി ഒരേസമയം, ആറ് ഗള്‍ഫ് രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കപ്പെട്ട കാലമാണ് കടന്നുപോകുന്നത്. വിമാനത്താവളങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടു, വ്യാപാരകേന്ദ്രങ്ങള്‍ പോലും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി. 

എല്ലാ കണ്ണുകളും ഹോര്‍മുസിലേക്ക് 

യുദ്ധവും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും ഗൾഫ് സമ്പദ്‌വ്യവസ്ഥയെയും ആഗോള എണ്ണവിപണിയെയും വൻ പ്രതിസന്ധിയിലാക്കിയിരുന്നു. ലോകത്തിന്റെ എണ്ണ വ്യാപാരത്തിന്റെ ഇരുപതുശതമാനത്തോളം കടന്നുപോകുന്ന പാതയിലെ നിയന്ത്രണങ്ങള്‍ മേഖലയെ മാത്രമല്ല നമ്മുടെയൊക്കെ അടുക്കളകളെപ്പോലും ബാധിച്ചു. കരാറില്‍ ഹോര്‍മുസിന്റെ കാര്യത്തില്‍ എന്തായാരിക്കും ഇരുരാജ്യങ്ങളുടേയും നിലപാട്? അതാണ് ലോകം ഉറ്റുനോക്കുന്നത്. 

ഹോര്‍മുസ് യുദ്ധത്തിന് മുന്‍പുള്ള കാലത്തേതുപോലെ സ്വതന്ത്രമായിരിക്കുമോ? അതോ ഇറാന്‍ നിയന്ത്രണം ഹോര്‍മുസില്‍ തുടരുമോ? ഹോര്‍മുസ് പാതയില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന സംശയങ്ങള്‍ ഒരുവശത്തുണ്ട്. മറുവശത്ത്, ഹോര്‍മുസില്‍ ഇറാന്‍ ഫീസ് ഈടാക്കുമോയെന്ന ആശങ്കയുമുണ്ട്. ഇക്കാര്യത്തില്‍ കരാറിലൂടെ എന്ത് തീരുമാനത്തിലെത്തി എന്നറിയാന്‍ ലോകം ആകാംക്ഷയിലാണ്. 

ഗള്‍ഫ് ആഗ്രഹിക്കുന്നതെന്ത്?

യുദ്ധങ്ങള്‍ അകന്ന് സുരക്ഷിതവും വികസിതവുമായ സാഹചര്യം മാത്രമാണ് ആറ് ഗള്‍ഫ് രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ലോകം ഏറ്റവും സുരക്ഷിതമെന്ന് വാഴ്ത്തിപ്പാടുന്ന ഗള്‍ഫില്‍ ആക്രമണം തുടരുന്നത് മേഖലയെ എല്ലാ തരത്തിലും അസ്ഥിരമാക്കും. അതിനാല്‍ സുരക്ഷയാണ് ഗള്‍ഫിന്റെ പ്രഥമ പരിഗണന. 

മേഖലാ സുരക്ഷിതത്വം: എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് സ്ഥിരമായ അറുതി വരിക.

സാമ്പത്തിക സ്ഥിരത: എണ്ണ ഇതര വരുമാന മാർഗ്ഗങ്ങളിലേക്ക് (Vision 2030 പോലുള്ളവ) ഗൾഫ് രാജ്യങ്ങൾ നടത്തുന്ന വൻ നിക്ഷേപങ്ങൾക്ക് അനുകൂലമായ ശാന്തമായ അന്തരീക്ഷം തിരിച്ചുപിടിക്കുക.

സ്വയംഭരണാധികാരം: യുഎസിന്റെ വിദേശനയങ്ങളിലെ അസ്ഥിരത മനസ്സിലാക്കി, സ്വന്തം സുരക്ഷയ്ക്കായി വൻശക്തികളെ മാത്രം ആശ്രയിക്കാതെ ഒരു പ്രാദേശിക പ്രതിരോധ കൂട്ടായ്മ കെട്ടിപ്പടുക്കുക.

ഗള്‍ഫില്‍ അനൈക്യമോ?

ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രത്തില്‍ കണ്ട എറ്റവും വലിയ അനൈക്യം ഖത്തറിനെതിരായ ഉപരോധമാണ്. ഉപരോധം അവസാനിപ്പിക്കപ്പെട്ട് വീണ്ടും ഐക്യത്തിലേക്ക് കടന്നെങ്കിലും  ഈ യുദ്ധകാലം ചില വ്യത്യസ്ത അഭിപ്രായങ്ങളും ചിന്താഗതികളുംകൂടി ഉയര്‍ന്ന കാലമായിരുന്നു. ഗൾഫിലെ വൻശക്തികളായ സൗദി അറേബ്യയുടെയും യുഎഇയുടെയും ചിന്തകൾ ഈ യുദ്ധകാലത്ത് പലകാര്യങ്ങളിലും വിഭിന്നമായിരുന്നു.

സൗദി അറേബ്യ

സൗദി അറേബ്യ എപ്പോഴും നയതന്ത്ര ചർച്ചകൾക്കും യുദ്ധം ലഘൂകരിക്കുന്നതിനുമാണ് മുൻഗണന നൽകിയത്. പാകിസ്താൻ വഴിയുള്ള സമാധാന ചർച്ചകളെ സൗദി പിന്തുണച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഇറാനുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാനും, യെമനിലെ ഹൂതി പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണാനും സൗദി ആഗ്രഹിക്കുന്നു. യുഎസിനെ മാത്രം വിശ്വസിക്കാതെ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം സന്തുലിതമായി കൊണ്ടുപോകാനായിരിക്കും റിയാദിന്റെ ശ്രമം.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)

ഈ യുദ്ധത്തിൽ ഏറ്റവും കൂടുതൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നേരിടേണ്ടി വന്ന രാജ്യം യുഎഇ ആണ്. അതുകൊണ്ടുതന്നെ ഇറാന്റെ പ്രാദേശിക ഇടപെടലുകളെ യുഎഇ കടുത്ത ജാഗ്രതയോടെയാണ് കാണുന്നത്. യുഎഇക്കെതിരായി തുടര്‍ച്ചയായ ആക്രമണം നടന്നിട്ടും ഗള്‍ഫില്‍ നിന്ന് മികച്ച പിന്തുണ കിട്ടിയില്ലെന്ന് യുഎഇ നേതാക്കള്‍ അഭിപ്രായപ്പെടുന്ന സാഹചര്യമുണ്ടായി. സമാധാന കരാർ സ്വാഗതം ചെയ്യുമ്പോഴും, സ്വന്തം ആകാശ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനും ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം തുടരാനും യുഎഇ താല്പര്യപ്പെടുന്നു.

സാമ്പത്തിക ഭദ്രതയും വിനോദസഞ്ചാര മേഖലയുടെ സുരക്ഷയുമാണ് യുഎഇയുടെ പ്രധാന ലക്ഷ്യം. ഇറാനെ പിണക്കാനോ ഇണക്കാനോ മുതിരാതെയുള്ള നിലപാടുകളുമായി യുഎഇ മുന്നോട്ടുപോകാനാണ് സാധ്യത. 

ഖത്തർ

സമാധാന കരാറിന്റെ പ്രധാന മധ്യസ്ഥരിൽ ഒരാൾ ഖത്തറാണ്. യുഎസിനും ഇറാനും ഒരേപോലെ സ്വീകാര്യനായ പങ്കാളി എന്ന നിലയിൽ ഖത്തറിന്റെ രാജ്യാന്തരപദവി വീണ്ടും അംഗീകരിക്കപ്പെട്ടു. എൽഎൻജി (LNG) കയറ്റുമതി പുനരാരംഭിക്കുന്നതിലും സാമ്പത്തിക ഇടപാടുകളിലുമായിരിക്കും ഖത്തറിന്റെ തുടര്‍ന്നുള്ള ശ്രദ്ധ.

ഒമാന്‍

സുല്‍ത്താന്‍ ഖാബൂസിന്റെ കാലം മുതല്‍ എല്ലാരാജ്യങ്ങളോടും ഒരുപോലെ സമദൂരം കാത്തുസൂക്ഷിച്ച രാജ്യമാണ് ഒമാന്‍. യുദ്ധം തുടങ്ങുന്നതിന് മുന്‍പുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഒമാനായിരുന്നു മധ്യസ്ഥരായിരുന്നത്. പക്ഷേ, ഇറാനുമായി ചേര്‍ന്ന് ഹോര്‍മുസില്‍ ഇടപെടല്‍ നടത്താന്‍ ഒമാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ യുഎസും ഒമാനും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടുണ്ട്. 'ഗൾഫിന്റെ നയതന്ത്ര കേന്ദ്രം' എന്ന പദവി നിലനിര്‍ത്തി സമാധാനനീക്കങ്ങള്‍ക്ക് ശ്രമം തുടരുകയാണ് ഒമാന്റെ ലക്ഷ്യം. 

കുവൈത്ത്, ബഹ്റൈന്‍

യുദ്ധകാലത്ത് എണ്ണ സംഭരണ പ്രതിസന്ധി നേരിട്ട ഇരുരാജ്യങ്ങളും ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ വലിയ ആശ്വാസത്തിലാണ്. സുരക്ഷയ്ക്കായി കൂടുതൽ പ്രാദേശിക കൂട്ടായ്മകളിൽ പങ്കാളികളാകാൻ ഇവർ ശ്രമിക്കും. നിലവില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള ബഹ്റൈന്‍ സുരക്ഷയ്ക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചേക്കും. 

ഗൾഫിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമോ?

ഗൾഫിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ വലിയ മാറ്റങ്ങൾക്ക് ഈ കരാർ വഴിവച്ചേക്കും. അമേരിക്കയെ പൂര്‍ണമായും കണ്ണടച്ച് വിശ്വസിക്കാനാകില്ല എന്ന ചിന്ത ഗള്‍ഫ് നാടുകളില്‍ ശക്തമായിട്ടുണ്ട്. അതിനാൽ സ്വന്തം സുരക്ഷയ്ക്കായി കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇനി ശ്രമങ്ങളുണ്ടാകും. 

ഹോര്‍മുസിന് പകരം പൈപ്പ് ലൈനുകള്‍

ഹോർമുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കാതെ പുതിയ എണ്ണ പൈപ്പ്‌ലൈൻ ശൃംഖലകൾ വികസിപ്പിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കും. യുഎഇ അതിന് ശ്രമം തുടങ്ങിക്കഴിഞ്ഞു. ജിസിസി രാജ്യങ്ങൾക്കിടയിൽ നാറ്റോ (NATO) മാതൃകയിലുള്ള ഒരു സംയുക്ത സൈനിക കൂട്ടായ്മയ്ക്കുള്ള ചർച്ചകൾക്ക് ഈ കരാർ വേഗത കൂട്ടിയേക്കാം.

ചുരുക്കത്തിൽ, യുഎസ്-ഇറാൻ സമാധാന കരാർ ഗൾഫ് രാജ്യങ്ങൾക്ക് യുദ്ധത്തിന്റെ കരിനിഴലിൽ നിന്നുള്ള മോചനമാണ് നൽകുന്നത്. എങ്കിലും, വരുംദിനങ്ങളിൽ വൻശക്തികളുടെ രാഷ്ട്രീയ കളികൾക്ക് കാത്തുനിൽക്കാതെ, സ്വന്തം നിലപാടുകളിലും പ്രാദേശിക സഖ്യങ്ങളിലും ഊന്നിപ്പിടിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെയും സ്വയംഭരണാധികാരത്തോടെയുമായിരിക്കും ഗൾഫ് ലോകം മുന്നോട്ട് പോവുക.

ENGLISH SUMMARY:

The historic peace agreement between the US and Iran marks a significant turning point for the Gulf region, effectively ending months of heightened conflict and existential threats. As the world watches to see how this deal impacts the strategically vital Strait of Hormuz—the artery for 20% of global oil trade—the six Gulf Cooperation Council (GCC) nations are prioritizing long-term regional security and economic stability. While Saudi Arabia seeks to bolster diplomatic ties, the UAE is focusing on strengthening independent air defense, and Qatar continues its role as a key diplomatic mediator. Ultimately, this agreement is pushing Gulf nations toward greater self-reliance, with a strategic shift away from total dependence on major powers toward establishing regional security collectives and alternative logistics, such as oil pipelines, to bypass future maritime risks.