Image Credit: World Health Organization
എം പോക്സ് എന്നത് കൂടുതലായും എലി വര്‍ഗത്തിലുളള മൃഗങ്ങള്‍ പരത്തുന്ന ഒരു വൈറസ് രോഗമാണ്. നേരത്തെ മങ്കി പോക്സ് അഥവാ കുരങ്ങുപനി എന്നാണ് അറിയപ്പെട്ടിരുന്നത്. 1958ല്‍ ഡെന്മാര്‍ക്കിലെ കുരങ്ങുകളിലാണ് ആദ്യം രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് കുരങ്ങു പനിയെന്ന പേരുവീണത്. ലോകാരോഗ്യ സംഘടന 2022ല്‍ മങ്കിപോക്സിന്‍റെ പേര് എം പോക്സ് എന്നാക്കി മാറ്റി. രോഗത്തിന്‍റെ യഥാര്‍ഥ ഉറവിടം കുരങ്ങുകള്‍ മാത്രമല്ല എന്നതിനാലാണ് ഡബ്ളു.എച്ച്.ഒ പേരുമാറ്റം നിര്‍ദേശിച്ചത്.
ലക്ഷണങ്ങള്‍
പനി, തലവേദന, പേശിവേദന, വെളളം നിറഞ്ഞ കുമിളകള്‍, രക്തസ്രാവം (ചിലപ്പോള്‍ )
പകരുന്നതെങ്ങനെ?
അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗപകര്‍ച്ച. വിവിധ തരം എലി വര്‍ഗത്തില്‍ പെട്ട ജീവികള്‍, അണ്ണാനുകള്‍, ചിലതരം കുരങ്ങുകള്‍ തുടങ്ങിയവയില്‍ നിന്ന് രോഗം പകരാം. ഇത്തരം മൃഗങ്ങളുടെ ശരീര സ്രവങ്ങളുമായുളള സമ്പര്‍ക്കത്തിലൂടെ, കടിയേറ്റാല്‍, മാംസം ശരിയായി വേവിക്കാതെ കഴിക്കുന്നതിലൂടെ ഒക്കെ രോഗം പകരാം. രോഗബാധയേറ്റ മനുഷ്യരുമായുളള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗം പകരും. ലൈംഗിക ബന്ധത്തിലൂടെയും അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്കും രോഗം പകരാം.
ചികില്‍സ, പ്രതിരോധം
എം പോക്സിന് പ്രത്യേക ചികില്‍സ ലഭ്യമല്ല. പനി, തലവേദന പോലുളള ലക്ഷണങ്ങള്‍ക്കും രോഗ സങ്കീര്‍ണതകള്‍ കുറയ്ക്കാനുളള ചികില്‍സയാണ് നല്‍കുന്നത്. ത്വക്കിലെ കുമിളകള്‍ക്കും ചികില്‍സ നല്‍കും. രോഗബാധയുളളവരെ മാറ്റിപ്പാര്‍പ്പിക്കും. ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ്. ആന്‍റിവൈറല്‍ മരുന്നുകളും നല്‍കാറുണ്ട്. കൈകള്‍ വൃത്തിയായി കഴുകുക, സ്വകാര്യ വസ്തുക്കള്‍ പങ്കിടാതിരിക്കുക, മൃഗങ്ങളുടെ മാംസം നന്നായി വേവിച്ച് കഴിക്കുക എന്നിവയിലൂടെ രോഗത്തെ പ്രതിരോധിക്കാം.