സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കിണര്‍ വെള്ളത്തിലൂടെയും പടരുന്നുവെന്ന് പഠനം. പുഴയിലെയും കുളത്തിലെയും കെട്ടികിടക്കുന്ന വെള്ളത്തില്‍ നിന്നാണ് രോഗം ബാധിക്കുന്നതെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തല്‍. ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയും ആരോഗ്യവകുപ്പിലെ വിദഗദ്ധരും സംയുക്തമായാണ് പഠനം നടത്തിയത്. 

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 159 പേര്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. ഇതില്‍ 41 പേര്‍ മരിച്ചു. രോഗം ബാധിച്ച ഭൂരിഭാഗം പേരും കിണര്‍വെള്ളം മാത്രമാണ് ഉപയോഗിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ശുദ്ധീകരിക്കാത്ത കിണര്‍ വെള്ളത്തില്‍ നിന്ന് രോഗം പിടിപടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് കണ്ടെത്തിയത്. ചികില്‍സതേടിയ 67 പേര്‍ക്കും രോഗബാധയ്ക്ക് കാരണമായത് അക്കാന്തമീബയാണ്. കഴിഞ്ഞവര്‍ഷം ജനുവരി ഒന്ന് മുതുല്‍ നവംബര്‍ വരെയുള്ള കേസുകളാണ് പഠനവിധേയമാക്കിയത്. കൃത്യമായ ഇടവേളകളില്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയാണ് രോഗപ്രതിരോധത്തിനുള്ള പോംവഴി. 

രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മണ്‍സൂണിന് ശേഷമായതിനാല്‍ ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മുഖത്തോ തലയ്ക്കോ പരുക്കേറ്റവരും ചര്‍മ്മത്തില്‍ മുറിവുകളുള്ളവരും ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ദധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 2016 മുതല്‍ 2024 വരെ 46 അമീബിക് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ച് മരണവുമുണ്ടായി. 2024ന് ശേഷമാണ് രോഗബാധയുടെ എണ്ണം കുത്തനെ കൂടിയത്. 

ENGLISH SUMMARY:

Kerala amoebic encephalitis is spreading through well water, according to a new study. This finding challenges previous beliefs that the disease was primarily contracted from stagnant water bodies.