ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബാഞ്ച് ഓഫിസില്‍ എത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. 

ചോദ്യപേപ്പർ ചോർച്ച കേസിൽ എം.എസ്. സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല. കേസിലെ ഒന്നാം പ്രതിയായ ഷുഹൈബിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ചോദ്യപേപ്പർ ചോര്‍ത്തിയിട്ടില്ലെന്നും, ചോദ്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്തത് എന്നുമുള്ള ഷുഹൈബിന്‍റെ വാദം കോടതി തള്ളി. അധ്യാപകരെക്കാൾ വേഗത്തിൽ പാഠഭാഗങ്ങൾ തീർക്കുന്നതിലുള്ള വൈരാഗ്യമാണ് തനിക്കെതിരെയുള്ള കേസ് എന്നായിരുന്നു മുഹമ്മദ് ഷുഹൈബിന്റെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഷുഹൈബിന് മുൻകൂർ ജാമ്യം നിഷേധിച്ചത്. 

പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് എന്നിവയുടെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പറുകളായിരുന്നു ചോർന്നത്. സംഭവത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതിയാണ് ഷുഹൈബ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. 

ചില യുടൂബ് വിദ്യാഭാസ ചാനലുകളുടെ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരെയുള്ള കേസെന്നാണ് ഹൈക്കോടതിയിൽ ഷുഹൈബ് വാദിച്ചത്. ഈ മേഖലയിൽ എട്ടുവർഷത്തെ പരിചയമുണ്ടെന്നും, വരാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് വീഡിയോയിലൂടെ പുറത്തുവിട്ടതെന്നും ഷുഹൈബ് വാദിച്ചു. ചോദ്യപേപ്പർ ചോർന്നതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും, അതിനാൽ ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ അറിയിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഫെബ്രുവരി 25 വരെ ഷുഹൈബിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കേസുമായി സഹകരിക്കണമെന്ന കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് മുമ്പാകെ ഇയാൾ ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തു. ചോദ്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺഎയ്‍ഡഡ് സ്ഥാപനത്തിലെ പ്യൂണ്‍ അബ്ദുൽ നാസർ ഇന്നലെ അറസ്റ്റിലായിരുന്നു. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്ന വാദത്തിൽ ഷുഹൈബ് ഉറച്ചു നിൽക്കുന്നതിനിടെയാണ് ഇന്നലെ അബ്ദുൽ നാസറിന്റെ അറസ്റ്റുണ്ടായത്.

ENGLISH SUMMARY:

MS Solutions CEO Muhammad Shuhaib has surrendered in connection with the question paper leak case. He surrendered at the Kozhikode Crime Branch office. The move came shortly after the High Court denied his anticipatory bail. The Crime Branch has stated that Shuhaib will be subjected to detailed questioning.