ശബരിമല സ്വർണ്ണക്കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി. സ്വർണ്ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് തിരുവനന്തപുരത്തുവച്ച് ഇന്നലെ മൊഴിയെടുത്തത്. നല്‍കിയ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ സുരേഷ് ഗോപി വിശദീകരിച്ചു. 

 

ദേവസ്വം രേഖകൾ പ്രകാരം 27 പേരിൽ നിന്നായി 412 ഗ്രാം സ്വർണ്ണമാണ് ലഭിച്ചിട്ടുള്ളത്. ഈ കണക്കിൽ കൂടുതൽ സ്വർണ്ണം ലഭിച്ചിട്ടുണ്ടോ എന്നും അതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും കണ്ടെത്തുകയാണ് വിജിലൻസിന്റെ ലക്ഷ്യം. മോഹൻലാൽ, ഷാജി കൈലാസ്, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖരുടെ സ്വർണ്ണ സമർപ്പണം ഏകോപിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ മൊഴി കേസിൽ നിർണ്ണായകമാണ്. 

 

ഇതിനോടകം 20 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ മൊഴി കൂടി എടുത്ത ശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊള്ള നടന്നിട്ടുണ്ടോ എന്ന് ഈ മൊഴികളിലൂടെ വ്യക്തമാകുമെന്നാണ് കരുതുന്നത്.

ENGLISH SUMMARY:

In the Sabarimala golden flagpole reinstallation case, the Vigilance Special Team recorded the statement of actor and Union Minister Suresh Gopi. The team collected his statement yesterday regarding the gold he donated for the flagpole. He explained the quantity of gold contributed and related details.