തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു. പുലർച്ചെ രണ്ടരയോടെ ഉണ്ടായ സംഭവത്തിൽ രണ്ട് ബസുകളും ഒരു ട്രാവലറും പൂർണ്ണമായും കത്തിനശിച്ചു. മറ്റൊരു ബസ് ഭാഗികമായി കത്തിയ നിലയിലാണ്. സ്കൂൾ ഗ്രൗണ്ടിൽ ദൂരെ പാർക്ക് ചെയ്തിരുന്ന ട്രാവലർ ബസുകൾക്ക് സമീപത്തേക്ക് ഓടിച്ചു കൊണ്ടുവന്ന് ഇടിച്ചു നിർത്തിയ ശേഷമാണ് തീയിട്ടതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
പത്ത് മീറ്ററോളം മാറിയാണ് ഈ വണ്ടി അവിടുന്ന് ഓടിച്ചുകൊണ്ട് ഇതിൽ ഇടുകയായിരുന്നത്' എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഇരുന്ന താക്കോല്‍ ഉപയോഗിച്ചാണ് അക്രമികൾ വണ്ടി നീക്കിയത്. ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരും പരിസരവാസികളും വിവരമറിഞ്ഞത്.
ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും ആസൂത്രിതമായ നീക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.