ബോഡി ബില്‍ഡിങ്ങ് താരങ്ങളുടെ പൊലീസ് നിയമനം അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ചട്ടങ്ങള്‍ മറികടന്നു ആംഡ് ബറ്റാലിയന്‍ ഇന്‍സ്പെക്ടറായി നിയമിച്ച ചിത്തരേഷ് നടേശന്‍, ഷിനു ചൊവ്വ എന്നിവരുടെ നിയമനമാണ് സ്റ്റേ ചെയ്തത്. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്തുകൊണ്ടു വന്നത്.
അടിമുടി ചട്ടവിരുദ്ധമായിരുന്നു നിയമനങ്ങളെന്നു പ്രാഥമികമായി വിലയിരുത്തിയാണ് അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനം സ്റ്റേ ചെയ്തത്. അന്തിമമായി ഉത്തരവ് വരും വരെ തുടര്‍നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലെ മിസ്റ്റര്‍ യൂണിവേഴ്സായ ചിത്തരേഷ് നടേശന്‍, ബോഡി ബില്‍ഡിങ് ലോക ചാപ്യംന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരനായ കണ്ണൂര്‍ക്കാരന്‍ ഷിനു ചൊവ്വ എന്നിവരെ നിയമിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് ആഭ്യന്തരവകുപ്പ് ആദ്യം അറിയിച്ചത്.
മന്ത്രിസഭ നിര്‍ദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ച് നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി നിയമനമെന്ന വിചിത്ര ഉത്തരവ് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കുകയായിരുന്നു. പൊലീസിലെ സായുധ സേനാ വിഭാഗത്തിലെ ഇന്‍സ്പ്കെടര്‍ റാങ്കിലേക്ക് കായികതാരങ്ങളെ നേരിട്ട് നിയമിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവും, സംസ്ഥാനത്തെ നിയമപ്രകാരം ബോഡി ബില്‍ഡിങിനെ സ്പോഴ്സ് ക്വാട്ടാ നിയമനത്തിന് അര്‍ഹമായ കായിക ഇനമായി അംഗീകരിച്ചിട്ടില്ലെന്നതും മറികടന്നായിരുന്നു നിയമനം.
പൊലീസ് നിയമനത്തിന് വേണ്ട കായികശേഷി പരീക്ഷ പോലും ഒഴിവാക്കി. പിന്നീട് നടന്ന കായിക ക്ഷമതാ പരീക്ഷയില്‍ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു. ചിത്തരേഷ് നടേശന്‍ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തിരുന്നില്ല. ഒരു തവണ കൂടി അവസരം നല്‍കണമെന്നുള്ള അപേക്ഷ ഷിനു ചൊവ്വ സര്‍ക്കാരിനു നല്‍കിയിരുന്നു . അതിനിടയിലാണ് നിയമനം തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്.