aditya

TOPICS COVERED

ചോറ്റാനിക്കരയിലെ പതിനാറുകാരി ആദിത്യ ആത്മഹത്യ ചെയ്തതിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. തന്റെ കുഞ്ഞിന് എന്ത് സംഭവിച്ചു എന്നുള്ള അന്വേഷണം നല്ല രീതിക്ക് മുന്നോട്ടു പോകുന്നില്ലെന്ന സങ്കടമുണ്ടെന്ന് പിതാവ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. പെൺകുട്ടിയുടെ ഫോൺ തുറന്നു പരിശോധിച്ചതിൽ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച കൊറിയൻ സുഹൃത്തിനെ പറ്റി തെളിവൊന്നും ലഭിച്ചിട്ടില്ല.

ആദിത്യയുടെ മരണം നടന്ന് 13 ദിവസം പിന്നിടുമ്പോഴാണ് പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. ആദ്യഘട്ടത്തിൽ മകളുടെ ഫോൺ തുറക്കാൻ പറ്റില്ല എന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട്, ഫോൺ തുറക്കണമെങ്കിൽ ഒരു ലക്ഷം രൂപയാകുമെന്നും അത് എടുക്കാൻ നിങ്ങൾക്ക് സാധിക്കുമോ എന്നും ചോദിച്ചു. ഒടുവിൽ തൻ്റെ ഓർമ്മയിൽ ഉണ്ടായിരുന്ന പാസ്സ്‌വേർഡ് ഉപയോഗിച്ചാണ് ഫോൺ തുറന്നത്. എന്നാൽ അതിൽ ചാറ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. മകളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പാസ്സ്‌വേർഡ് മറ്റാരുടെയോ കൈവശമുണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഇതിലേക്കൊന്നും അന്വേഷണം പോയിട്ടില്ലെന്നും, ശരിയായ അന്വേഷണം നടക്കാത്തതിൽ സങ്കടം ഉണ്ടെന്നും പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ 27നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയിൽ ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ആത്മഹത്യാക്കുറിപ്പിൽ കൊറിയൻ സുഹൃത്തിനെ പറ്റി പരാമർശമുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള ഒരു തെളിവും ഫോണിലില്ല. ഫോണിലെ ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. അതിനാൽ ഫോണിൽ നിന്നും ഇനിയൊന്നും കിട്ടില്ലെന്നാണ് പൊലീസ് നിലപാട്. എന്നാൽ ഫൊറൻസിക് പരിശോധനയിലൂടെ ചാറ്റുകൾ കണ്ടെത്താൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ENGLISH SUMMARY:

Malayala Manorama Online News reports on the family's dissatisfaction with the police investigation into the Chottanikkara suicide case of a sixteen-year-old named Aditya. The father expressed sadness that the investigation into what happened to his child is not progressing well, citing a lack of evidence regarding a Korean friend mentioned in the suicide note and deleted chats on the deceased's phone.