squid-game

താമരശേരിയിലെ ,ഷഹബാസിന്‍റെ കൊലപാതകവും  അതിലേക്ക് നയിച്ച സംഘര്‍ഷവും   ഏവരെയും അമ്പരിപ്പിക്കുന്ന രീതിയിലാണ്    ആസൂത്രണം ചെയ്തത് .  വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്ന ആലോചന എത്തി നില്‍ക്കുന്നത്  പുതിയകാല  ചലച്ചിത്രങ്ങളുടെയും സീരീസുകളുടെയും  പ്രമേയങ്ങളില്‍ തന്നെ .അങ്ങനെയൊരു ബന്ധം ഷഹബാസിന്‍റെ കൊലപാതക ആസൂത്രണത്തിലുമുണ്ട്.

സംഘര്‍ഷം ആസുത്രണം ചെയ്തത്  സമൂഹമാധ്യമങ്ങള്‍ വഴി തന്നെ . കൊലവിളി ഉയര്‍ത്തുന്ന ഒട്ടേറെ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റുകളാണ് സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ചാറ്റുകള്‍ പുറത്തുവന്നതോടെ ഇന്‍സ്റ്റഗ്രാം ചാറ്റിന്‍റെ വാള്‍പേപ്പറും സജീവ ചര്‍ച്ചാവിഷയമാണ്. 'സ്‌ക്വിഡ് ഗെയിം' വെബ്‌സീരിസിലെ ഡോളാണ് ഗ്രൂപ്പ് ചാറ്റിന് വോള്‍പേപ്പര്‍ ആയി നല്‍കിയിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന കടുത്ത വയലന്‍സ് ഉള്‍ക്കൊള്ളുന്ന ദക്ഷിണ കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിംസ്. ഈ ഗ്രൂപ്പിലാണ് ഷഹബാസിനെ താനിന്ന് കൊല്ലുമെന്നും, ഈ ഗ്രൂപ്പില്‍ ആണുങ്ങളുണ്ടെങ്കില്‍ കൂടെ വരാനും ഒരുപാട് പേര്‍ ചേര്‍ന്ന് ഒരാളെ തല്ലിക്കൊന്നാലും കേസ് ഒന്നും ഉണ്ടാവില്ലെന്നുമുള്ള ചാറ്റുകളാണ് ഇതില്‍ പങ്കുവച്ചിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിന് പുറമേ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയും സംഘര്‍ഷത്തിന് ആസൂത്രണം ചെയ്തു.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് വിദ്യാര്‍ഥികളുടെ അക്രമണത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടി. ഇതിന്റെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.