TOPICS COVERED

പാലക്കാട് മുതലമടയിൽ ബന്ധുക്കളായ വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ. പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസുകാരിയുമായ അർച്ചന, മാതൃസഹോദര പുത്രനായ കൊട്ടപ്പള്ളം സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. പെൺകുട്ടിയെ പത്തിച്ചിറയിലെ വീട്ടിനുള്ളിലും യുവാവിനെ ചുള്ളിയാർ ഡാമിന് സമീപത്തെ തോട്ടത്തിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

അര്‍ച്ചന വീട്ടില്‍ ഒറ്റയ്ക്കാണുണ്ടായിരുന്നത്. വൈകിട്ട് അമ്മ വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ഏഴ് കിലോമീറ്ററിനപ്പുറം ചുള്ളിമട ഡാം പരിസരത്തെ തോട്ടത്തില്‍ ഗിരീഷിനെയും തൂങ്ങിയനിലയില്‍ കണ്ടെത്തി. പെൺകുട്ടിയുടെ മാതൃസഹോദര പുത്രനാണ് ഗിരീഷ്. നിരന്തരം പെൺകുട്ടിയോട് യുവാവ് പ്രണയാഭ്യർഥന നടത്തിയിരുന്നതായും ഇതിനെ ബന്ധുക്കൾ വിലക്കിയിട്ടുണ്ടെന്നും കെ.ബാബു എം.എൽ.എ പറഞ്ഞു. 

പെണ്‍കുട്ടിയുടേത് തൂങ്ങിമരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലങ്കോട് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.