പാലക്കാട്ട് എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് പൂജ്യം വോട്ടും ഒരു വോട്ടും കിട്ടിയത് വെൽഫെയർ പാർട്ടിയുമായുള്ള കൂട്ട് കെട്ടിന്റെ ഭാഗമായെന്ന് ആരോപണം. മണ്ണാർക്കാട്ടും പട്ടാമ്പിയിലും ഔദ്യോഗിക സ്ഥാനാർഥിയെ ഡമ്മിയായി കണ്ട് പാർട്ടി വോട്ടുകൾ വെൽഫെയർ പാർട്ടിക്ക് നൽകിയെന്നാണ് സ്ഥാനാർഥിക്കൊപ്പമുള്ളവർ തന്നെ ആരോപിക്കുന്നത്.
പട്ടാമ്പി നഗരസഭയിൽ 12 ആം വാർഡ് LDF സ്വതന്ത്ര സ്ഥാനാർഥി അബ്ദുൽ കരീം. കിട്ടിയ വോട്ട് 0. UDF സിറ്റിംഗ് വാർഡിൽ വെൽഫെയർ പാർട്ടിക്ക് കിട്ടിയത് 208 വോട്ടുകൾ. സിപിഎം ബ്രാഞ്ച് കമ്മിറ്റിക്ക് 45 മെമ്പർമാർ ഉള്ള വാർഡാണിത്. കഴിഞ്ഞ തവണ കിട്ടിയിരുന്ന നൂറിലധികം വോട്ടുകൾ ഇത്തവണ വെൽഫെയർ പാർട്ടിക്ക് മറിച്ചുവെന്നാണ് ആരോപണം. അന്വേഷിക്കുമെന്ന് പാർട്ടി.
മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡിലെ LDF സ്വതന്ത്രൻ ഫിറോസ് ഖാൻ. കിട്ടിയ വോട്ട് 1. UDF ജയിച്ച വാർഡിൽ വെൽഫെയർ സ്ഥാനാർഥിക്ക് കിട്ടിയത് 179 വോട്ടുകൾ. കഴിഞ്ഞ തവണ കിട്ടിയ നൂരിലധികം വോട്ടുകൾ ഇത്തവണ ആർക്കോ പോയി. വെൽഫെയർ പാർട്ടിക്ക് നൽകിയെന്ന് പാർട്ടിയിലെ ഒരു വിഭാഗം തന്നെ പരാതിപ്പെടുന്നുണ്ട്. അതിനിടെ ഫിറോസ്ഖാൻ കിട്ടിയ ഒരു വോട്ട് ചെയ്തത് ഞാനാണ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഹനീഫക്കെതിരെ പാർട്ടി നടപടി ആലോചിക്കുന്നുണ്ട്. വെൽഫെയർ പാർട്ടിയും സിപിഎമ്മും അവിശുദ്ധ കൂട്ടുകേട്ടുണ്ടായി എന്ന് ഹനീഫ പറഞ്ഞിരുന്നു.
വെൽഫെയർ പാർട്ടിയെയോ ജമാഅത്തെ ഇസ്ലാമിയെയും പിന്തുണക്കില്ലെന്നാണ് സിപിഎം പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും ജില്ലയിലെ പലയിടങ്ങളിൽ അനൗദ്യോഗിക സഖ്യമുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. കാര്യം യുഡിഎഫ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുമുണ്ട്..