സമരം ചെയ്യുന്ന ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന അന്ത്യശ്വാസനവുമായി സർക്കാർ. ഏതെങ്കിലും പ്രദേശത്ത് ആശാവർക്കർ തിരിച്ചെത്തിയില്ലെങ്കിൽ പകരം സംവിധാനം തദ്ദേശഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് ജില്ല മെഡിക്കൽ ഓഫീസർമാർ ഏർപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു . അന്ത്യശാസനം തള്ളുന്നുവെന്ന് ആശാവർക്കർമാരുടെ സമരസമിതി പ്രതികരിച്ചു.
ആശാവർക്കർമാരുടെ സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സമരം നേരിടാൻ ആരോഗ്യവകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഉടൻ ആശാ വർക്കർമാർ ജോലിക്ക് തിരികെ പ്രവേശിക്കണമെന്നാണ് എൻ എച്ച് എം സ്റ്റേറ്റ് ഡയറക്ടറുടെ ഉത്തരവ് . . ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവർത്തകരെ ആശമാർക്ക് പകരം ഉപയോഗിക്കാം എന്നാണ് നിർദേശം . സമരം തീർക്കാൻ സർക്കാരിന് ആശാ വർക്കർമാരാണ് അന്ത്യ ശാസനം നൽകേണ്ടതെന്ന് സമരസമിതി.
ആശാവർക്കർമാർക്ക് പകരം സംവിധാനം ഏർപ്പെടുത്തി സമരത്തെ പൊളിക്കാനാണ് സർക്കാർ നീക്കം.
പകരം എത്തുന്നവർക്ക് ഇൻസെന്റീവ് നൽകാനുള്ള ഉത്തരവ് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ പിന്നീട് ഇറക്കും.