സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ അതിദാരിദ്ര്യം ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ഹോസ്റ്റല്‍ നടത്തിപ്പുകാര്‍. കായിക മന്ത്രിയേയും സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളെയും പലതവണ കണ്ടിട്ടും പ്രയോജനമില്ലാത്ത സാഹചര്യത്തിലാണ് കോളജ് മാനജ്മെന്റ് നിയോഗിച്ച പ്രതിനിധികള്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. നല്ല റിസല്‍റ്റ് ഉണ്ടാക്കുന്നവരെ പരിഗണിക്കാതെ അംഗീകാരമില്ലാത്ത അസോസിയേഷനുകള്‍ക്ക് തടസമില്ലാതെ ഫണ്ട് നല്‍കുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്.
സ്പോട്സ് ഹോസ്റ്റല്‍ നടത്തിപ്പിലെ കുടിശ്ശികയിനത്തില്‍ 2023–24, 24– 25 സാമ്പത്തീക വര്‍ഷത്തില്‍ പത്തുകോളജുകള്ക്ക് മാത്രം സര്‍ക്കാര്‍ നല്‍കാനുള്ളത് ഒന്നരക്കോടിയിലെറെ രൂപയാണ്. അതുകൊണ്ടാണ് ഹോസ്റ്റല്‍ പൂട്ടാനൊരുങ്ങി 30കോളജുകള്‍ കത്തുനല്‍കിയത്.
ഗ്രാന്റ് ഇനത്തില്‍ 2023–24, 24– 25കാലയളവില്‍ പലഹോസ്റ്റലുകള്ക്കും 13മാസത്തെ വരെ കുടിശ്ശിക നല്‍കാനുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്പോട്സ് ഹോസ്റ്റലുകളില്‍ ഒന്നായ കോതമംഗലം എം.എം കോളജിന് കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത് 37ലക്ഷം രൂപയാണ്. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്, പയ്യന്നൂര്‍ കോളജ് തുടങ്ങിയവയ്ക്കും ഭീമമായ തുക നല്‍കാനുണ്ട്.
നടത്തിപ്പുകാര്‍ കരഞ്ഞുമടുക്കുമ്പോള്, സര്‍ക്കാര്‍ എപ്പോഴെങ്കിലും നല്കുന്ന ചില്ലറതുക ഒരുകായികവിദ്യാര്ഥിക്കും പ്രയോജനപ്പെടുന്നില്ല. അതുകിട്ടുമ്പോഴെയ്ക്കും അവരില്‍ പലരും ഹോസ്റ്റല്‍ വിട്ടിട്ടുണ്ടാകുമെന്ന് വലിയ സ്വപ്നങ്ങള്‍ പറയുന്നവര്‍ അറിയണമെന്ന് പരിശീലകര്‍ പറയുന്നു.