ഗോവ ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കളെ പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍. മെഡല്‍ ജേതാക്കള്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം ഇതുവരെ നല്‍കിയില്ല. കളരിപ്പയറ്റ്, ബീച്ച് ഹാന്‍ഡ്ബോള്‍ തുടങ്ങി എട്ട് മത്സര ഇനങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്കാണ് പാരിതോഷികം കിട്ടാനുള്ളത്. പാരിതോഷികം നല്‍കാന്‍ 4.75 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ഒന്നരക്കോടിയോളം കായികവകുപ്പ് വകമാറ്റുകയായിരുന്നു. 

കായിക താരങ്ങളെ പറഞ്ഞ് പറ്റിക്കുന്നത് സര്‍ക്കാരിനും സ്പോര്‍ട്സ് കൗണ്‍സിലിനും പുത്തിരിയല്ല. 2023 ഒക്ടോബറില്‍ നടന്ന ഗോവ ദേശീയ ഗെയിംസിലെ വിജയികള്‍ക്ക് പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡ് മുക്കയതാണ് ഒടുവിലത്തെ ഉദാഹരണം.ഗോവയ്ക്ക് ശേഷം ഉത്തരാഖണ്ഡില്‍ അടുത്ത ദേശീയ ഗെയിംസ് കഴിഞ്ഞിട്ടും കളരിപ്പയറ്റ്, ബീച്ച് ഹാന്‍ഡ്ബാള്‍, വെയ്റ്റ് ലിഫ്റ്റ്, ജൂഡോ,ആര്‍ച്ചറി,റോവിംഗ് തുടങ്ങിയ എട്ട് ഇനങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് പണം നല്‍കിയിട്ടില്ല. ഗോവയില്‍ കേരളം അഞ്ചാം സ്ഥാനം നേടിയത് കളരിപ്പയറ്റിലെ 19 സ്വര്‍ണ മെഡലുകള്‍ കൊണ്ടായിരുന്നു. ആ പരിഗണന പോലും കായിക വകുപ്പ് നല്‍കിയില്ല.

ക്യാഷ് അവാര്‍ഡ് ലഭിക്കാത്ത ഹാന്‍ഡ് ബോള്‍ താരങ്ങള്‍ കായിക വകുപ്പിന് പരാതി നല്‍കിയിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ക്യാഷ് അവാര്‍ഡ് നല്‍കാനായില്ലെന്നാണ് ഇതിന് കായിക വകുപ്പ് ഡയറക്ടര്‍ നല്‍കിയ മറുപടി. കായിക വികസന നിധിയിലെ ഫണ്ട് തീര്‍ന്നെന്നും പുതിയ ഫണ്ട് ലഭിച്ചാല്‍ ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. പക്ഷെ മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രകടിപ്പിക്കുന്നത്. 

ENGLISH SUMMARY:

Kerala’s National Games medalists from the Goa 2023 event are still awaiting their promised cash awards. Athletes from Kalaripayattu, Beach Handball, Weightlifting, Judo, Archery, Rowing, and other events have not received their prizes despite a ₹4.75 crore allocation by the finance department. Reports suggest that ₹1.5 crore was diverted by the sports department. Kerala, which secured fifth place in Goa largely due to Kalaripayattu’s 19 gold medals, has been left disappointed by the lack of recognition.