രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ കേരളത്തിന്‍റെ വളര്‍ച്ചയെയും പുരോഗതിയെയും തടയരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി മനോരമ ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. ഭരണത്തിലുള്ള പാര്‍ട്ടികള്‍ മാറും. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് നില്‍ക്കുന്നത് ഇരട്ടിശക്തിയാകും. രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കണമെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം നേടിയെടുക്കാന്‍ കേരളവും പരിശ്രമിക്കണമെന്ന് എം.എ യൂസഫലി പറഞ്ഞു.
കേരളത്തിന് ഒരുപാട് സാധ്യതകളുണ്ട്. സംസ്ഥാനത്തെ മാര്‍ക്കറ്റ് ചെയ്യാനുള്ള ശ്രമമാണ് ഇന്‍വെസ്റ്റ് കേരള നിക്ഷേപ സംഗമമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപ സംഗമം നടത്തിയ ഉടന്‍ തന്നെ വലിയ നിക്ഷേപം വരില്ല. ക്ഷമയോടെ കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങള്‍ വന്‍ തുക മുടക്കിയാണ് നിക്ഷേപ സംഗമങ്ങള്‍ നടത്തുന്നതെന്നും യൂസഫലി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഉദാരവല്‍ക്കരണം അനിവാര്യമാണെന്നാണ് തന്‍റെ നിലപാട്. ലോകത്തെ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫില്‍ തൊഴില്‍ സാധ്യത മങ്ങുകയാണ്. അതിനാല്‍ കേരളത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. കേരളത്തിന്‍റെ പ്രതിച്ഛായ മാറ്റാനുള്ള പരിശ്രമങ്ങള്‍ നടക്കുകയാണെന്നും എം.എ യൂസഫലി വിശദീകരിച്ചു.
കേരളത്തിന്‍റെ നിക്ഷേപ സൗഹൃദാന്തരീക്ഷവും സംരംഭക സാധ്യതകളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. രണ്ട് ദിവസം നീളുന്ന സമ്മേളനത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ പങ്കെടുക്കും. ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഒാണ്‍ലൈനായി പങ്കെടുക്കും. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരിയും ചടങ്ങിനെത്തും. വിവിധ വിഷയങ്ങളില്‍ 30 സെഷനുകളും 200ലേറെ പ്രഭാഷകരും ആറ് രാജ്യങ്ങളുടെ സഹകരണമുണ്ട്.