കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍മാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി മുഖ്യമന്ത്രി യുജിസി വിരുദ്ധ കണ്‍വന്‍ഷനില്‍. യുജിസിയുടെ വിവാദ നിര്‍ദേശങ്ങള്‍ക്കെതിരെ കണ്വന്ഷന് സംഘടിപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. തെലങ്കാന, കര്‍ണാടക, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ നിന്ന് ഗവര്‍ണരുടെ അതൃപ്തി കണക്കിലെടുത്ത് സംസ്ഥാനത്തെ ഭൂരിപക്ഷം വിസിമാരും വിട്ടു നിന്നു
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയായി മാറി യുജിസി കരടുനിര്‍ദേശങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച കണ്വെന്ഷന്. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്നയിടങ്ങളില്‍ ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ചാന്സലര്പദവിപോലും അതിനായി ഉപയോഗിക്കപ്പെടുന്നു.
ഭരണഘടനയ്ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാനേ യുജുസിക്ക് അധികാരമുള്ളൂവെന്നും കരട് നിര്‍ദേശങ്ങള്‍ക്കെതിരെ നിയമപരമായും ഭരണഘടനാപരമായും നീങ്ങണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു. അടുത്ത കണ്വെന്ഷന് തെലങ്കാനയില്‍ സംഘടിപ്പിക്കുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി പറഞ്ഞു. കണ്‍വെന്‍ഷനെ കുറിച്ചുള്ള അതൃപ്തി ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നേരിട്ട് അറിയിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കണ്വെന്ഷന് സംഘടിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്.