അമ്പൂരി ജില്ലാ പഞ്ചായത്തംഗമായ ആതിര ഗ്രേസിന്റെ സെൽഫിക്ക് മുഖ്യമന്ത്രി നോ പറഞ്ഞെന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് തെറ്റില്ലെന്ന് സമർഥിച്ച് കണ്ടന്റ് ക്രിയേറ്റർ അഞ്ജന എംഎസ്. സെൽഫി ചോദിച്ച സഖാവും അത് നിരസിച്ച പിണറായി സഖാവും ശെരിയാണെന്ന് അഞ്ജന ഫെയ്സ്ബുക്കിൽ കുറിച്ചു.
'പിണറായി സഖാവിനെ കാണുമ്പോൾ സ്വാഭാവികം ആയും ഒരു ജനാധിപത്യവാദിക്ക് ഉണ്ടാകുന്ന ഒരുപാട് സന്തോഷവും ആവേശവും ഉണ്ട്, ആരായാലും സെൽഫി എടുക്കാൻ നോക്കും. കാരണം അത് ഒരു ചരിത്രം ആണ്. ഇത്രയും നല്ലൊരു ഭരണാധികാരി ഇന്ത്യയിൽ വേറെ ഉണ്ടാകില്ല. ആ പെൺകുട്ടിയെ സംബന്ധിച്ചടത്തോളം അവൾ സഖാവ് കൂടി ആണ്. അപ്പോൾ ഉണ്ടാകുന്ന ആവേശം പറഞ്ഞു അറിയിക്കാൻ പറ്റില്ല.
എന്നാൽ സഖാവിന്റെ ഭാഗത്തു നിന്നും നോക്കുമ്പോൾ ആ ഒരു നിമിഷം സഖാവ് സെൽഫിയ്ക്കു നിന്നു കൊടുത്താൽ പിന്നെ സംഭവിക്കുന്നത് സഖാക്കളുടെ തിക്കും തിരക്കും ആകും, ഫോട്ടോയ്ക് വേണ്ടി. അത് കൊണ്ട് തന്നെ വളരെ ബുദ്ധിപൂർവം സഖാവ് ആ അനാവശ്യ തിരക്ക് പലപ്പോഴും ഒഴിവാക്കാറുമുണ്ട്.
ഞാൻ ഒരിക്കൽ ആവേശം മൂത്ത് ഫോട്ടോയ്ക്ക് പോയതാ, പിന്നെ സഖാവിന്റെ ബുദ്ധിമുട്ട് ഓർത്തു ഒഴിഞ്ഞു. ഞാൻ മനസിലാക്കിയത് പോലെ ആ കുട്ടിയും മനസിലാക്കും. കാരണം ഞങ്ങൾ സഖാക്കളാണ്'. അഞ്ജന കുറിച്ചു. എത്ര വട്ടം കണ്ടതാ, ഹാ ഒരിക്കൽ സെൽഫി ഒപ്പിക്കും എന്നുപറഞ്ഞുകൊണ്ടാണ് അവർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അമ്പൂരി കുമ്പിച്ചല്‍ കടവ് പാലം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അരികിലേക്ക് ആതിര എത്തുകയായിരുന്നു. നടന്നു നീങ്ങുന്ന മുഖ്യമന്ത്രിയുടെ സമീപത്തെത്തി ഫോണ്‍ കാണിച്ചതും, നിരസിച്ച് മുഖ്യമന്ത്രി നടന്ന് പോകുകയായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി വേദി വിടുമ്പോഴായിരുന്നു സംഭവം. നിരാശയോടെ കസേരയില്‍ ചെന്നിരിക്കുന്ന ആതിരയെയും വിഡിയോയില്‍ കാണാം. വെള്ളറട ഡിവിഷനില്‍ നിന്നുള്ള സിപിഎം അംഗമാണ് ആതിര ഗ്രേസ്.