വയനാട് തലപ്പുഴ 43 ൽ ഇന്നലെ കണ്ടത് കടുവയെ തന്നെയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. രാത്രി ഒന്‍പത് മണിയോടെ 43 സ്വദേശി സന്തോഷാണ് വീടിനു തൊട്ടു സമീപം കടുവയെ കണ്ടത്. കടുവയുടെ ചിത്രം വനം വകുപ്പിന്‍റെ ക്യാമറയിൽ പതിഞ്ഞു.
സന്തോഷിന്റെ വീടിന്‍റെ പുറകു വശത്തായാണ് ഇന്നലെ കടുവയെത്തിയത്. ശബ്ദം കേട്ട് ടോർച്ചടിച്ചു നോക്കിയതോടെ കടുവ കാട്ടിലേക്ക് മറയുകയായിരുന്നു. പ്രദേശത്ത് മുമ്പ് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞു. മൂന്നു വയസു പ്രായമുള്ള കടുവ. മുമ്പ് കമ്പിപ്പാലത്തും തലപ്പുഴയുടെ വിവിധയിടങ്ങളിലും കണ്ടത് ഇതേ കടുവ തന്നെയാണെന്നാണ് വനപാലകരുടെ നിഗമനം.
തലപ്പുഴ പാൽ സൊസൈറ്റിക്കു സമീപം സി.സി.ടി.വിയിൽ പതിഞ്ഞതും ഇതേ കടുവ തന്നെ. വീടിനു സമീപം കടുവയെത്തിയതോടെ പ്രദേശവാസികളും കടുത്ത ആശങ്കയിലായി. പ്രദേശത്ത് ഉടൻ കൂട് സ്ഥാപിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണവും ശക്തമാക്കും.