സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കുമ്പോൾ പകുതിപ്പേർക്ക് പോലും നിയമനമായില്ല. ഉദ്യോഗാർഥികളുടെ എണ്ണം പകുതിയോളം വെട്ടിക്കുറച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്. പൊലീസിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം നടക്കാത്തതിന് കാരണം.
കഴിഞ്ഞ വർഷം ഏപ്രിൽ 15 നാണ് 6647 പേരുടെ റാങ്ക് പട്ടിക നിലവിൽ വന്നത്. ഇതുവരെ നിയമന ശുപാർശ നൽകിയത് 1836 പേർക്ക് മാത്രം. സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിലേക്കുള്ള സിവിൽ പൊലിസ് ഓഫീസർ റാങ്ക് പട്ടികയുടെ കാലാവധി രണ്ടരമാസം മാത്രമാണ് ബാക്കി. ആകെ നടന്നത് 27 ശതമാനം നിയമനങ്ങൾ മാത്രം.
ഏപ്രിലിൽ റാങ്ക് പട്ടിക നിലവിൽ വന്നെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് ഒക്ടോബർ അവസാനമാണ്. ആദ്യ ബാച്ച് ജോലിയിൽ പ്രവേശിച്ചത് ജനുവരിയിലും. കഴിഞ്ഞ സി പി ഒ ലിസ്റ്റിൽ നിന്നും നിയമനം നടക്കാത്തതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ സമരം നടന്നതോടെയാണ് പുതിയ പട്ടിക തയാറാക്കിയത്. എന്നാൽ അതിൽ നിന്നും നിയമനമില്ല. നിലവിലുള്ള പട്ടികയിൽ നിന്ന് നിയമനം നടത്താതെ പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.