കൊച്ചിയിലെ  നിശാ പാര്‍ട്ടികളിലേക്ക് ലഹരി എത്തിക്കുന്ന  കെവിന്‍ പി. മാത്യൂസിന്‍റെ ഇടപാടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്താന്‍ പൊലീസ്. കഴിഞ്ഞ ദിവസം  അറസ്റ്റിലായ കെവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കഴിഞ്ഞമാസം ആഡംബര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ചതും കെവിനാണ്.  

കഴിഞ്ഞ ദിവസം കാക്കനാട് ഫ്ലാറ്റില്‍ നിന്ന്  പിടിയിലായ  ലഹരി ഇടപാടുകാരന്‍  തൊടുപുഴ സ്വദേശിയായ കെവിന്‍ പി. മാത്യൂസ് ചെറിയ മീനല്ല. കൊച്ചിയില്‍ നടക്കുന്ന വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടികളിലേക്ക് ലഹരി എത്തിക്കുന്നതില്‍ പ്രധാനിയാണ് കെവിന്‍. സമൂഹത്തില്‍ ഉന്നത നിലയില്‍ ജോലി ചെയ്യുന്നവരടക്കം പങ്കെടുക്കുന്ന പാര്‍ട്ടികള്‍ കേന്ദ്രീകരിച്ചുള്ള വമ്പന്‍ ഇടപാടുകളാണ് കെവിന്‍റേത്. 

കക്കനാട് ഫ്ലാറ്റില്‍ നിന്ന് കെവിനെ ഡാന്‍സാഫ് സംഘം പിടികൂടുമ്പോള്‍ 192 ഗ്രാം എംഡിഎംഎ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപയും ഇയാളില്‍ നിന്ന്  പിടികൂടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 22 ലക്ഷം രൂപയുടെ  ലഹരി ഇടപാടുകള്‍ കെവിന്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന്‍റെ കണ്ടെത്തല്‍. 

നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന കെവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യനാണ് പൊലീസിന്‍റെ നീക്കം. കഴിഞ്ഞ മാസം കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ അഭിഭാഷകരും ഡോക്ടറ്‍മാരും അടക്കമുള്ള ഉന്നതര്‍ പിടിയിലായിരുന്നു. ഇവിടേക്ക് ലഹരി എത്തിച്ചത് കെവിനാണ്.  പിടികൂടിയ ലഹരിമരുന്ന്   വാണിജ്യ അളവില്‍ കുറവായതിനാല്‍ ഈ കേസിലെ പ്രതികളെല്ലാം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

 

White Collar Parties Targeted: Key Drug Supplier Kevin P Mathew Under Scrutiny:

Kochi drug racket and police investigation into Kevin P Mathew's operations, a key figure supplying drugs to high-profile parties. Police are set to question him further to uncover his wider network and drug dealings.