Ai Image
ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ച് ലക്കുകെട്ട് ആശുപത്രയില്‍ക്കിടന്ന രോഗിയുടെ കട്ടിലില്‍ കിടന്നുറങ്ങുകയും മുറിയിലെ ഡസ്റ്റ്ബിന്നില്‍ മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തില്‍ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മധ്യപ്രദേശിലെ സിദ്ധിയിലാണ് സംഭവം. ഏപ്രില്‍ 13നാണ് സംഭവം. ഇതിന്‍റ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. യൂണിഫോം അഴിച്ച് ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്നതും വിഡിയോയില്‍ കാണാം.
വിചാരണത്തടവുകാരനെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയതോടെയാണ് പൊലീസുകാരെ ഡ്യൂട്ടിക്കിട്ടത്. അസി.സബ് ഇന്‍സ്പെക്ടറായ നര്‍മപ്രസാദ് പ്രജാപതി, കോണ്‍സ്റ്റബിള്‍മാരായ ഉദയ്രാജ് സിങ്, ജിതേന്ദ്ര സിങ്, മനിഷ് തിവാരി എന്നിവരെയാണ് ഡ്യൂട്ടിക്കിട്ടത്. ആശുപത്രിയിലെത്തിയ പൊലീസുകാര്‍ മദ്യപിച്ച് പിമ്പിരിയായി. പിന്നാലെ രോഗിയുടെ കട്ടിലില്‍ കയറിക്കിടന്ന് ഉറങ്ങുകയും പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ പെരുമാറുകയുമായിരുന്നു.
അച്ചടക്കലംഘനത്തിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും പൊലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനുമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ശിക്ഷാനടപടിക്കാലയളവില്‍ സ്റ്റേഷന്‍ പരിധിയില്‍ തന്നെയുണ്ടാകണമെന്നും നിയമനനടപടികളോട് സഹകരിക്കണമെന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.