യു.പിയിലെ മുസാഫര്‍നഗറില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടി. മുഖ്യമന്ത്രിയുടെ പരിപാടി ആയതിനാല്‍ നഗരത്തിലെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരെല്ലാം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ചൗബൈ സിങ്ങിനും സുപ്രധാന സുരക്ഷാ ചുമതലകളുണ്ടായിരുന്നു. പക്ഷേ പരിപാടി നടക്കുന്ന സ്ഥലത്തൊന്നും ആളെ കണ്ടില്ല.
ചൗബെ സിങ്ങിന്‍റെ ഉന്നതാധികാരി സിഐ യതേന്ദ്ര നഗര്‍ പലതവണ സിങ്ങിനെ ഫോണില്‍ ബന്ധപ്പെട്ട് നോക്കി. എങ്കിലും എസ്ഐ ഫോണെടുത്തില്ല. ഇതേ സമയം നഗരത്തിലെ ഒരു റോഡിന് സമീപം നാട്ടുകാര്‍ ഒരു പൊലീസ് യൂണിഫോം കണ്ടെത്തി. ഏറെ തിരയേണ്ടി വന്നില്ല ഓടയ്ക്ക് സമീപം പൊടിയില്‍ കുളിച്ച് കിടക്കുന്ന പൊലീസുകാരനെയും കണ്ടു. അവസ്ഥ കണ്ട് അപകടം പറ്റി കിടക്കുകയാണെന്ന ആശങ്കയില്‍ നാട്ടുകാര്‍ തന്നെ പൊലീസില്‍ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ സിഐ യതേന്ദ്ര നഗറിന്‍റെ കീഴിലുള്ള സംഘത്തിന് കാര്യമെന്താണെന്ന് അധികം അന്വേഷിക്കേണ്ടി വന്നില്ല. എസ് ഐ ചൗബെ സിങ്ങ് മദ്യപിച്ച് ബോധംകെട്ട് കിടക്കുകയാണ്. ശരീരമാകെ അഴുക്ക്. യൂണിഫോമില്‍ മലവിസര്‍ജനം ചെയ്തിരിക്കുന്നു.
നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യം ഇതിനോടകം വൈറലാണ്. ഇതിനിടെ ബോധം വന്ന സിങ് താന്‍ എവിടെയാണ്, തലവേദനിക്കുന്നു, എഫ്ഐആര്‍ എഴുതുകയാണോ, എന്തിനാണ് എന്‍റെ പേരില്‍ കേസെടുക്കുന്നത് എന്നെല്ലാം ചോദിക്കുന്നത് കേള്‍ക്കാം. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ചൗബെ സിങ്ങിനെ അന്വേഷണാടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തു.