koyilandy-elephant

കോഴിക്കോട് കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച അപകടത്തിൽ ക്ഷേത്രകമ്മിറ്റിക്കെതിരെ  കൊയിലാണ്ടി പൊലീസ് 194–ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു. എഴുന്നള്ളത്തിലെ വീഴ്ചയിൽ വിശദപരിശോധന തുടരും. അതിനിടെ കോഴിക്കോട്ടെ ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി റദ്ദ് ചെയ്തു. ആന എഴുന്നള്ളിപ്പിന് നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

കൊയിലാണ്ടിയില്‍ ആനയെ എഴുന്നള്ളിച്ചതില്‍ ചട്ടലംഘനം ഉണ്ടായെന്നും നാട്ടാന പരിപാലന നിയമം ലംഘിച്ചെന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടപടിക്ക് ശുപാര്‍ശ ചെയ്തെന്നും റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറിയെന്നും എഡിഎം മുഹമ്മദ് റഫീഖും അറിയിച്ചിരുന്നു. അതേസമയം, ആനകളെ എഴുന്നളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മതിയായ അകലം പാലിച്ചിരുന്നുവെന്നുമാണ് ക്ഷേത്രകമ്മിറ്റിയുടെ വിശദീകരണം. എഴുന്നള്ളത്തിനുള്ള അനുമതിരേഖ കൈവശമുണ്ടെന്നും കമ്മിറ്റിയംഗം മനോരമന്യൂസിനോട് അവകാശപ്പെട്ടിരുന്നു.

ആന ഇടയാൻ കാരണം പടക്കം പൊട്ടിക്കുന്നതിനിടെ കതീന കൂടി പൊട്ടിച്ചതാെണന്നാണ് പ്രാഥമിക നിഗമനം. ഉഗ്രശബ്ദം കേട്ട് ആന അക്രമാസക്തനാകുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇതുതന്നെയാണ് ആന ഇടയാൻ കാരണമെന്ന് വനം മന്ത്രിയും സ്ഥിരീകരിച്ചിരുന്നു. കതിന തുടര്‍ച്ചായി പൊട്ടയിന് പിന്നാലെയാണ് പീതാംബരന്‍ എന്ന ആന അക്രമാസക്തനായതും തൊട്ടുമുന്നിലുള്ള ഗോകുലിനെ കുത്തിയതും.

വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ആന ഇടഞ്ഞത്. ആന ഇടഞ്ഞതോടെ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയായിരുന്നു.

ENGLISH SUMMARY:

Koylandi police have filed a case against the temple committee following the elephant incident that resulted in three deaths. Kozhikode district monitoring committee cancels future elephant rising events.