മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗികവാഹനം ഓടിച്ച് റോഡില്‍ അപകടയാത്ര നടത്തിയ ഡിവൈ.എസ്.പിയെ സംരക്ഷിച്ച് സര്‍ക്കാര്‍. കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കി മൂന്ന് ദിവസമായിട്ടും നടപടിയില്ല. ഇതോടെ റോഡ് ഷോ നടത്തിയ ഡി.വൈ.എസ്.പി വി.അനില്‍കുമാര്‍ വീണ്ടും ജോലിക്ക് കയറി.
നാലുകാലില്‍ നില്‍ക്കാനാവാത്ത കോലത്തില്‍ ഡിവൈ.എസ്.പി വണ്ടികൊണ്ട് പരാക്രമം കാണിച്ച കാഴ്ച കേരളം കണ്ടിട്ട് ഇന്ന് ഏഴാം ദിവസമാണ്. സകലനിയമവും തെറ്റിച്ച ഡിവൈ.എസ്.പി വി.അനില്‍കുമാര്‍ നാട്ടുകാരെ നിയമംപാലിപ്പിക്കാനായി ഇന്നും കേരള പൊലീസില്‍ സേവനം തുടരുകയാണ്. കൊച്ചിയിലെ കുമ്പളം ടോള്‍ പ്ളാസ മുതല്‍ അരൂര്‍ വരെയായിരുന്നു മദ്യലഹരിയിലെ ഡിവൈ.എസ്.പിയുടെ റോഡ് ഷോ. അവിടെ വച്ച് പൊലീസ് പിടിച്ചതുകൊണ്ട് ഡിവൈ.എസ്.പിക്കും റോഡിലെ മറ്റ് യാത്രക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. കേസെടുത്ത പൊലീസ് തോളിലെ നക്ഷത്രബലം കൂടിയതുകൊണ്ട് രാത്രിയില്‍ തന്നെ ജാമ്യം കൊടുത്ത് വിട്ടയച്ചു.
മനോരമ ന്യൂസ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടത് നാണക്കേടായതോടെ ആദ്യം ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും പിന്നീട് ഡി.ജി.പിയും കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്തു. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചു, ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു, കുട്ടിയെ കൂടെക്കൊണ്ടുപോയി ജീവന്‍ അപകടത്തിലാക്കി–എന്നീ മൂന്ന് കുറ്റങ്ങളാണ് ഡി.ജി.പി ചൂണ്ടിക്കാണിച്ചത്. സസ്പെന്‍ഷനും വകുപ്പുതല അന്വേഷണവും നിര്‍ബന്ധമായും നടത്തേണ്ട കുറ്റം. ആഭ്യന്തര സെക്രട്ടറിക്ക് ബുധനാഴ്ച ഉച്ചയോട് റിപ്പോര്‍ട്ട് ലഭിച്ചു. തെറ്റുകാരെ വച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം കൂടി നിയമസഭയില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഈ തെറ്റ് ഇതുവരെ കണ്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ട് അനില്‍കുമാര്‍ ഇപ്പോഴും സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ കാക്കിയിട്ട് വിലസുന്നു.