ഒരുക്കങ്ങളെ ചൊല്ലി ദേശീയ ഗെയിംസിന് മുമ്പേ തുടങ്ങിയ തര്‍ക്കം ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിന് പിന്നാലെ തുറന്ന ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്. ആദ്യ വെടി പൊട്ടിച്ചത് ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി.സുനില്‍ കുമാര്‍. മോശം പ്രകടനത്തിന് ഉത്തരവാദി കായിക മന്ത്രിയും സ്പോര്‍ട്സ് കൗണ്‍സിലുമാണെന്നും മന്ത്രി വട്ട പൂജ്യമാണെന്നുമായിരുന്നു സുനില്‍കുമാര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലെ വിമര്‍ശനം.
പ്രകടനം മോശമായതിന് കാരണക്കാരന്‍ കായിക മന്ത്രിയാണെന്ന അസോസിയഷന്‍ പ്രസിഡന്‍റിന്‍റെ വിമര്‍ശനത്തെ തള്ളി മന്ത്രി വി.അബ്ദുറഹിമാൻ രംഗത്തെത്തി. അങ്ങാടിപ്പിള്ളേരെ പോലെ സംസാരിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രിയുടെ ശകാരം. സ്പോര്‍ട്സ് എന്താണെന്ന് മന്ത്രി ആദ്യം പഠിക്കണമെന്നായിരുന്നു പ്രസിഡന്‍റ് വി.സുനില്‍കുമാറിന്‍റെ മറുപടി. കായികമന്ത്രിയെ പിന്തുണച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് യു.ഷറഫലി രംഗത്തെത്തി.
മുഖ്യമന്ത്രിയെയുള്‍പ്പെടേ കണ്ട് പ്രശ്നങ്ങള്‍ അറിയിക്കുമെന്നും പരിഹാരത്തിനായി എന്ത് വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.