drishana-accident

കോഴിക്കോട് വടകര ചോറോട് ഒമ്പതു വയസുകാരി ദൃഷാന ഇന്നും കട്ടിലിൽ സാധാരണ ജീവിതം കാത്തു കിടക്കുകയാണ്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്ന, വേദന കൊണ്ടു നീറുന്ന ദൃഷാനയെ അമ്മ സ്മിത തലയിണകൾ കൊണ്ടു ചേർത്തു പിടിച്ചിരിക്കുന്നു. ഒന്നു ഉറക്കെ കരയാൻ പോലും കഴിയുന്നില്ല, വേദന കടുക്കുമ്പോൾ കൈകാലുകൾ അടിക്കാൻ ശ്രമിക്കും. കോഴിക്കോട് കൊളായിത്താഴത്തെ വാടക വീട്ടിലെ ഹാളിൽ മുത്തശ്ശി ബേബിയുടെ ചിത്രമുണ്ട്, തൊട്ടുടുത്തെ മുറിയിലാണ് ഓർമകൾ നഷ്ടമായി ദൃഷാന കിടക്കുന്നത്.

ജീവിതത്തിലേക്കുള്ള മടങ്ങി വരവിന് ലക്ഷങ്ങൾ വേണം, സുമനസുകളുടെ സഹായം വേണം. ബേബിയെ ജീവിതത്തിൽ നിന്നു തന്നെ പറഞ്ഞയച്ച, ദൃഷാനയെ കോമയിലാക്കിയതിന് ഒരു കാരണക്കാരനുണ്ട്. പുറമേരി സ്വദേശി ഷെജീൽ, അയാൾക്ക് പശ്ചാത്താപമില്ല കുറ്റബോധമില്ല. 2024 ഫെബ്രുവരി 17 ന് വടകര ചോറോടുള്ള ബന്ധു വീട്ടിലേക്ക് പോകാൻ നിന്ന ബേബിയെയും കൊച്ചുമകൾ ദൃഷാനയെയും ഷെജീൽ ഓടിച്ച കാർ ഇടിച്ചു തെറിപ്പിക്കുന്നു. രണ്ടു മനുഷ്യർ നിലത്തു പിടയുന്നത് കണ്ടിട്ടും അയാൾ വാഹനം നിർത്തിയില്ല. അവരെ ആശുപത്രിയിലാക്കണമെന്ന് തോന്നിയില്ല. രക്തം വാർന്ന് ബേബി മരിച്ചു. തലയ്ക്കു ഗുരുതമായി പരുക്കേറ്റ് കോമയിലായ ദൃഷാന ദുരിതം അനുഭവിക്കുന്നു. 

പൂച്ചയെയോ നായയോ അല്ലല്ലോ 2 മനുഷ്യ ജീവനുകളായിരുന്നില്ലേ, ആശുപത്രിയിലാക്കിയിരുന്നെങ്കിൽ രക്തം വാർന്ന് എൻ്റെ അമ്മ മരിക്കില്ലായിരുന്നുവെന്നും ഷെജീലിന് മാപ്പില്ലെന്നും സ്മിത പറയുന്നു. വാഹനത്തിനുണ്ടായ കേടുപാടുകൾ മതിലിൽ ഇടിച്ചതുകൊണ്ടുണ്ടായ തകരറാണെന്ന് പറഞ്ഞ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് ഇയാള്‍ 36,000 രൂപ തട്ടി. ഇതിനു ശേഷം വിദേശത്തേക്ക് മുങ്ങി. 10 മാസങ്ങൾക്ക് ശേഷം പൊലിസ് ബേബിയെയും ദൃഷാനയെയും ഇടിച്ച കാർ കണ്ടെത്തുന്നത് ഷെജീലിൻ്റെ പണത്തിനോടുള്ള ആർത്തിയിൽ ഉടലെടുത്ത അതിബുദ്ധി കൊണ്ടാണ്. 

വടകരയ്ക്ക് സമീപം ഉണ്ടായ അപകടങ്ങളുടെ പട്ടിക എടുത്ത പൊലിസ്, ഇതിനു ശേഷം തകരാർ പരിഹരിച്ച വാഹനങ്ങളുടെ കണക്കും എടുത്തു. 19000 വാഹനങ്ങൾ വിവിധ വർക്ക് ഷോപ്പുകളിൽ പരിശോധനക്ക് വിധേയമാക്കി. ഒടുവിൽ കണ്ടെത്തി, ഇരുവരുടെയും ജീവിതം തകർത്ത കാറിനെയും അതിൻ്റെ ഡ്രൈവറായിരുന്ന ഷെജീലിനെയും, വീട്ടിൽ നിന്ന് കാർ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പോഴേക്കും ഇൻഷുറൻസ് തുകയും തട്ടി ഷെജീൽ രാജ്യം വിട്ടിരുന്നു. 

ആദ്യം സമ്മതിക്കാതിരുന്ന ഷെജീലിൻ്റെ ഭാര്യയും പൊലിസ് ചോദ്യം ചെയ്യലിൽ കാറിടിച്ച കാര്യം സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിനടക്കം ഷെജീലിനെ പൊലീസ് ബന്ധപ്പെട്ടെങ്കിലും നാട്ടിലേക്ക് വരാമെന്ന് പറഞ്ഞ് പൊലിസിനെ തുടർച്ചയായി പറ്റിച്ചു. ഇതിനിടെ വടകര പൊലിസ് കാറിടിച്ചതിനും, നാദാപുരം പൊലിസ് വ്യാജ രേഖ ചമച്ചതിനും ഷെജീലിനെതിരെ കേസ് എടുത്തു. ഷെജീലിനെ പിടികൂടാൻ വിമാനത്താവളങ്ങളിൽ അടക്കം പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഷാർജയിൽ ഒളിവു ജീവിതം തുടർന്ന ഷെജീൽ വ്യാജ രേഖ ചമച്ചതിന് മൂന്ന് തവണ ഹൈകോടതിയെ സമീപിച്ച് മുൻ ജാമ്യം നേടി. ഇതിനു പിന്നാലെ കഴിഞ്ഞ 10 ന് പുലർച്ചെ കോയമ്പത്തൂർ വിമാനത്താവളം വഴി നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെ എമിഗ്രേഷൻ വിഭാഗത്തിൻ്റെ പിടിയിലാവുന്നു. 

വടകര പൊലീസ് കോയമ്പത്തൂരിലെത്തി കസ്റ്റഡിയിൽ എടുത്ത ശേഷം പിറ്റേ ദിവസം ഷെജീലിനെ കോടതിയിൽ ഹാജരാക്കിയപ്പോഴും  ചെയ്ത തെറ്റിൻ്റെ പശ്ചാത്താപം അയാളുടെ മുഖത്തില്ല, കാറിടിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷെജീലിന് എല്ലാം ചോദ്യങ്ങളോടും ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. അതില്‍, ചെയ്ത തെറ്റില്‍ കുറ്റബോധം ഉണ്ടോയെന്നും ദൃഷാനയെ പോയി കാണുമോ എന്ന ചോദ്യവും ഉണ്ടായിരുന്നു. സർക്കാർ ചിലവിൽ കോയമ്പത്തൂരിൽ നിന്ന് ഷെജീലിനെ വടകരയിൽ എത്തിച്ചു എന്നതിന് അപ്പുറം ചെയ്ത തെറ്റുകൾക്ക് അയാൾക്ക് എന്ത് ശിക്ഷയാണ് കിട്ടുന്നത് എന്നതാണ് ഇനിയുള്ള ചോദ്യം. ആ കുഞ്ഞിന് നീതി അകലാതെ ഇരിക്കട്ടെ.

ENGLISH SUMMARY:

On February 17, 2024, Baby and his granddaughter Drishana were on their way to a relative’s house in Chorode, Vadakara, when they were hit by a car driven by Shejeel. Even after seeing the two lying on the ground in agony, Shejeel did not stop the vehicle. He did not feel the need to take them to the hospital. Baby succumbed to excessive bleeding, while Drishana, who suffered a severe head injury, remains in a coma, enduring immense suffering.