കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ആന ഇടഞ്ഞു. തിക്കിലും തിരക്കിലും മൂന്ന് പേര് മരിച്ചു. അമ്മുക്കുട്ടി (70), ലീല (65), രാജന് (66) എന്നിവരാണ് മരിച്ചത് . അമ്മുക്കുട്ടിയും ലീലയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. താലൂക്ക് ആശുപത്രിയില്‍നിന്ന് സ്വകാര്യാശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെയായിരുന്നു രാജന്റെ മരണം. പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്പെട്ടവര് കൂടുതലും സ്ത്രീകളാണ്.
33 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഏഴുപേരെ കോഴിക്കോട് മെഡി. കോളജിലേക്ക് മാറ്റി.
Read Also: ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞു; 3 മരണം; 33 പേര്‍ക്ക് പരുക്ക്
മരണവും പരുക്കും തിക്കും തിരക്കും മൂലവും തകര്‍ന്ന കെട്ടിടത്തിനിടയില്പ്പെട്ടുമാണ് മരണങ്ങളും പരുക്കും ഉണ്ടായത്.
ഇടഞ്ഞ ആന മറ്റൊരാനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ടാനകളും വിരണ്ടോടി . ക്ഷേത്ര പരിസരത്തെ ഓഫിസ് കെട്ടിടം തകര്‍ത്തു .
പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടത്. ആനകള്‍ ഇടഞ്ഞോടുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ആനപ്പുറത്തിരുന്ന ക്ഷേത്ര പൂജാരി താഴെവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ആനകളെ പിന്നീട് തളച്ചു.
രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് ആനപ്പുറത്തുനിന്ന് ചാടിയ നാരായണശര്‍മ മനോരമ ന്യൂസിനോടു പറഞ്ഞു. താനിരുന്നത് പീതാംബരന് എന്ന ആനയുടെ പുറത്തായിരുന്നു. ചാട്ടത്തിനിടെ തലയ്ക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ വീണാണ് കൂടുതല്‍പേര്‍ക്കും പരുക്കേറ്റത്.
അതേസമയം, ആനയെഴുന്നള്ളിപ്പില്‍ വീഴ്ചയെന്ന് റൂറല്‍ എസ്.പി. കെ.ഇ.ബൈജു മനോരമ ന്യൂസിനോട് പ്രതികരിച്ചു. വീഴ്ചയില്‍ നടപടികളുണ്ടാകും. വിശദ പരിശോധന തുടരുന്നു. കെട്ടിടം തകര്‍ന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും എസ്പി വിശദീകരിച്ചു.
ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടിയെന്ന് പഞ്ചായത്തംഗം ഷിജു പറഞ്ഞു. പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നും പഞ്ചായത്തംഗം പറഞ്ഞു.