• മട്ടന്നൂരില്ലെങ്കില്‍ മല്‍സരിക്കുന്നില്ലെന്ന് ശൈലജ
  • 5 തവണ മല്‍സരിച്ച ശൈലജ മല്‍സരിക്കേണ്ടെന്ന് നേതൃത്വം
  • കണ്ണൂരില്‍ തര്‍ക്കം രൂക്ഷം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ചകളിലേക്ക് കടന്ന് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഎം പിബിയിൽനിന്ന് ആരൊക്കെ മത്സരിക്കണമെന്നതിൽ ഇന്ന് ചിത്രം വ്യക്തമായേക്കും. ഡൽഹിയിൽ ഇന്ന് ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിന് നിർദേശം നൽകുമെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് പുറമെ പിബിയിൽനിന്ന് എ.വിജയരാഘവൻ മത്സരിക്കണോ എന്നതിലും തീരുമാനം ഉണ്ടാകും. എ.വിജയരാഘവൻ മത്സരിച്ചാൽ ഇരിങ്ങാലക്കുടയിലാകും സ്ഥാനാര്‍ഥിയാവുക.  പിബി അംഗമായ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംഘടനാച്ചുമതലകളെ തുടര്‍ന്ന് മത്സരിച്ചേക്കില്ല. എങ്കിലും അന്തിമ തീരുമാനം പിബിയുടേതാണ്.

നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനെയും മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയേയും മത്സരിപ്പിക്കണമോ എന്ന കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. ഡൽഹിയിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മട്ടന്നൂരില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും എന്നാല്‍ അഞ്ചുതവണ മല്‍സരിച്ച ശൈലജ ഇനി മല്‍സരിക്കേണ്ടെന്ന് അഭിപ്രായമുയര്‍ന്നതായും സൂചനയുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയിരിക്കുന്ന പട്ടികയിൽ ഷംസീറിന്റെയും ശൈലജയുടെയും പേരില്ല. എം.വി.ഗോവിന്ദൻ മത്സരിക്കാത്തതിനാൽ തളിപ്പറമ്പിൽ കെ.കെ.ശൈലജയെ മത്സരിപ്പിക്കണമെന്ന് ആലോചന പാർട്ടിയിലെ ചിലർ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ അവിടെ എൻ.സുകന്യയെ മത്സരിപ്പിക്കണമെന്ന വാദവും പാർട്ടിയിൽ ഉണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ശൈലജയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം നിർണായകമാണ്. കണ്ണൂരിലെ സ്ഥാനാർത്ഥി പട്ടികയിൽ എം.വി.നികേഷ് കുമാറിന്റെ പേരും കൊല്ലത്തെ സ്ഥാനാർഥി പട്ടികയിൽ ചിന്താ ജെറോമിന്റെ പേരും ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ ഇവർ രണ്ടുപേരും മത്സരിക്കാനുള്ള സാധ്യതയില്ലാതെയായി. മന്ത്രിമാരിൽ ആർ.ബിന്ദു ഒഴികെ എല്ലാവരും മത്സരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്.

പാലക്കാട് പി.സരിന്റെ പേര് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച് കഴിഞ്ഞു. മറ്റ് മുന്നണികളുടെ തീരുമാനം വന്നശേഷമാകും ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുക. തൃത്താലയില്‍ എം.ബി.രാജേഷ് തുടരും. ആലത്തൂരിലും നെന്‍മാറയിലും രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മാറും.  കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ എം.അനില്‍കുമാറിന്‍റെ പേര് രണ്ടിടത്ത് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി ആയിരുന്ന എ.കെ.നസീറിനെ ആലുവയിലും പരിഗണിക്കുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ആണ് പേരുകള്‍ മേല്‍ഘടകത്തിന് കൈമാറിയത്. തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലേക്ക് അനില്‍കുമാറിനെ കൂടാതെ മുൻ എംഎൽഎ എം. സ്വരാജ്, കെ.എസ്.അരുൺകുമാർ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. 

അതേസമയം, തൃക്കാക്കര സീറ്റില്‍  ഏരിയ സെക്രട്ടറി എ. ജി. ഉദയകുമാർ, ടി.കെ.എൽദോ എന്നീ പേരുകളാണ് താഴേത്തട്ടിൽ നിന്ന് വന്നിട്ടുള്ളത്. ഇവിടെ സംസ്ഥാന നേതൃത്വത്തിന്‍റെ കൂടി താൽപര്യപ്രകാരമായിരിക്കും സ്ഥാനാർഥി. പൊതു സ്വതന്ത്ര സ്ഥാനാർഥിയെയും പരിഗണിക്കുന്നുണ്ട്. ജില്ലയിലെ അഞ്ചുസിറ്റിങ് എംഎല്‍എമാരെയും മല്‍സരിപ്പിക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് അതാവര്‍ത്തിച്ചു. അതനുസരിച്ച് കോതമംഗലത്ത് ആന്‍റണി ജോൺ, കൊച്ചിയിൽ കെ. ജെ. മാക്സി, കളമശേരിയിൽ മന്ത്രി പി. രാജീവ്, കുന്നത്തുനാട് പി. വി. ശ്രീനിജിൻ, വൈപ്പിനിൽ കെ. എൻ.ഉണ്ണികൃഷ്ണൻ എന്നിവർ വീണ്ടും സ്ഥാനാർഥികളാകും.

സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറി ആർ.നാസർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി... ജി.സുധാകരൻ വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും ആലപ്പുഴയിൽ നിന്ന് പേര് നിർദേശിക്കപ്പെടാത്തതിനാൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ട്. ആർ.നാസർ സ്ഥാനാർഥിയായാൽ കെ.എച്ച്.ബാബുജാനോ മനു സി.പുളിക്കലോ ജില്ലാ സെക്രട്ടറിയാകാനാണ് സാധ്യത. കായംകുളത്തും അരൂരിലുമാണ് ആർ നാസറിന്‍റെ പേര് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിരിക്കുന്നത്. തീരുമാനം സംസ്ഥാന കമ്മിറ്റി കൈക്കൊള്ളും. എംഎൽഎ എന്ന നിലയിൽ ഒരു ടേം മാത്രം പൂർത്തിയാക്കിയ സാഹചര്യത്തിൽ അരൂരിൽ നിന്ന് ദലീമയെ മാറ്റാൻ സാധ്യതയില്ലെന്നാണ് സൂചന. ദലീമയെ ഒഴിവാക്കിയാൽ വനിത, ക്രൈസ്തവ പ്രാതിനിധ്യം  ഇല്ലാതാകുമെന്ന ആക്ഷേപവും കേൾക്കേണ്ടി വരും.

കായംകുളത്ത് യു.പ്രതിഭ രണ്ടു തവണ എം എൽ എ ആയി. നേരത്തെ വിഭാഗീയ പ്രവണതകൾ ശക്തമായിരുന്ന  കായംകുളത്ത് ജില്ലാ സെക്രട്ടറി തന്നെ മൽസരിക്കുമ്പോൾ അത്തരം നീക്കങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പിക്കാനാകും. ലോക്സഭ തിരഞ്ഞെടുപ്പിൽ കായംകുളത്ത് നഷ്ടമായ മേധാവിത്തം എല്‍ഡിഎഫും സിപിഎമ്മും തിരിച്ചു പിടിക്കുകയും ചെയ്തു. നാസറിനു പുറമേ യു പ്രതിഭ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്.ബാബുജാൻ എന്നിവരുടെ പേരുകളും കായംകുളത്ത് പരിഗണിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. 

ജി.സുധാകരനെ മൽസരിപ്പിക്കേണ്ടതല്ലേ എന്ന് ജില്ലാ സെക്രട്ടറി ആർ നാസറാണ് സെക്രട്ടേറിയറ്റിൽ ആദ്യം ചോദിച്ചത്. തുടർന്ന് മറ്റ് മൂന്ന്  അംഗങ്ങളും സുധാകരനെ മൽസരിപ്പിക്കുന്നത് നല്ലതാണ് എന്ന അഭിപ്രായം പ്രകടിപ്പിച്ചു. പ്രായ പരിധി, രണ്ട് ടേം നിബന്ധനകൾ പ്രകാരം മാറ്റി നിർത്തിയവരുടെ കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ച വേണ്ടെന്നും അക്കാര്യങ്ങൾ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. തോമസ് ഐസക്,എ.എം. ആരിഫ് എന്നിവരെ അരൂരിലേക്ക് പരിഗണിക്കുന്നു എന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും ആലപ്പുഴയിൽ നിന്ന് ഇവരുടെ പേരുകൾ നിർദേശിച്ചിട്ടില്ല. സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ, എച്ച് സലാം, എം എസ് . അരുൺ കുമാർ എന്നിവർ നിലവിലുള്ള മണ്ഡലങ്ങളിൽ തന്നെ  മൽസരിക്കും.

മത്സരത്തിനില്ലെന്നു പറഞ്ഞ കെ.സുരേഷ് കുറുപ്പിനെ ഉൾപ്പെടുത്തിയും ജെയ്ക് സി.തോമസിനെ ഒഴിവാക്കിയുമാണ് കോട്ടയത്ത് സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കിയിരിക്കുന്നത്. ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവനാണ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മിന്റെയും സിപിഐയുടെയും സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും.

ENGLISH SUMMARY:

The CPIM is finalizing its candidate list for the 2026 Kerala Assembly elections, with Chief Minister Pinarayi Vijayan expected to lead the fray. While the Politburo will decide on PB members' candidacy, reports suggest that P. Sarin is considered for Palakkad and K.K. Shailaja might contest from Taliparamba. Interestingly, prominent names like M.V. Nikesh Kumar and Chintha Jerome are missing from the initial district lists. In Alappuzha, district secretary R. Nazar is tipped to contest, while the candidacy of veteran leader G. Sudhakaran remains uncertain. Sitting ministers, except R. Bindu, are likely to seek re-election from their respective constituencies. The party's final decision on candidate selection aims to balance experience with new faces while navigating complex regional equations.