private-university

TOPICS COVERED

സ്വകാര്യ സർവകലാശാല ബിൽ, സർവകലാശാല നിയമ ഭേദഗതികൾ എന്നിവയുമായി ബന്ധപ്പെട്ട് ഇടത് അധ്യാപക സംഘടനകൾക്ക് കടുത്ത എതിർപ്പ്. സംഘടനകളുമായോ സിൻഡിക്കേറ്റുകളുമായോ ചർച്ച ചെയ്യാതെ വൻ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സർക്കാർ  നീക്കത്തിനെതിരെയാണ് എതിർപ്പ് ഉയരുന്നത്.  എതിർപ്പുകളെ മെരുക്കാൻ  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംഘടനകളുമായി ഇന്ന് മുതൽ കൂടിക്കാഴ്ച നടത്തും.

 

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി എന്നത് ഇടത് രാഷ്ട്രീയ നിലപാടുകളിൽ നിന്നുള്ള മലക്കം മറിച്ചിലാണ്. സർവകലാശാലകൾ നിയമ ഭേദഗതികളിലൂടെ സിൻഡിക്കേറ്റുകളെ കൈപ്പിടിയിലൊതുക്കുന്നതാവട്ടെ വെട്ടിനിരത്തലിന് തുല്യമാണെന്നാണ്  ഇടത് സർവീസ് സംഘടനകളുടെ അഭിപ്രായം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾ കൊണ്ടുവരും മുമ്പ് കോളേജ് , സർവകലാശാല അധ്യാപക- അനധ്യാപക സംഘടനകളുമായി ചർച്ച ചെയ്യേണ്ടിരുന്നില്ലേ എന്ന ചോദ്യം സംഘടനാ നേതൃത്വങ്ങൾ പരസ്യമായി ഉയർത്താൻ ഒരുമ്പെടുന്നതിനിടയിലാണ് പാർട്ടി നേതൃത്വം ഇടപെട്ട് എതിർപ്പ് ഒതുക്കാനുള്ള  ശ്രമം നടത്തുന്നത്. ഇടത് സംഘടനകൾ തന്നെ സർക്കാറിന്റെ നിലപാട് മാറ്റങ്ങൾക്കെതിരെ രംഗത്ത് വന്നാൽ അത് മൂർച്ചയുള്ള ഒരു വടിവെട്ടി പ്രതിപക്ഷത്തിനു നൽകുന്നതിനു തുല്യമാവും.ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും പ്രവർത്തന രീതിയോട് ഇടത് അധ്യാപക സംഘടനകൾക്ക് നേരത്തെ തന്നെ പൂർണ്ണ യോജിപ്പില്ല. ഏതായാലും പാർട്ടി സെക്രട്ടറിയുടെ ഇടപെടലിലൂടെ പാളയത്തിലെ പട ഒഴിവാക്കാമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.

ENGLISH SUMMARY:

Left teachers' unions strongly opposed the Private University Bill and University Act Amendments