കോഴിക്കോട് വിലങ്ങാട് വനഭൂമിയില്‍ ഉണ്ടായ കാട്ടുതീയില്‍ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം. മൂന്ന് ഏക്കറില്‍ അധികം പ്രദേശം പൂർണമായും കത്തി നശിച്ചു. റബറും കശുമാവും കൃഷി ചെയ്യുന്ന തോട്ടത്തിലേക്കും തീ വ്യാപിച്ചെങ്കിലും നാട്ടുകാർ ഇടപ്പെട്ട് കെടുത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.
പാറക്കെട്ടുകളും പുല്‍മേടുകളും നിറഞ്ഞ വനഭൂമിയിലാണ് ആദ്യം തീ കണ്ടത്. സന്ധ്യ ആയത്തോടെ കാറ്റില്‍ തീ കൃഷിയിടങ്ങളിലേക്ക് പടർന്നു. വിലങ്ങാട്ടില്‍ നിന്ന് നാലു കിലോമീറ്റർ അകലെ തെക്കേ വായാട്ടില്‍ ആണ് തോട്ടങ്ങളില്‍ തീ ആളികത്തിയത്. ഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്ത മേഖലയില്‍ പച്ചിലകള്‍വെട്ടിയാണ് ആദ്യഘട്ടത്തില്‍ നാട്ടുകാർ തീ അണയ്ക്കാന്‍ ശ്രമം നടത്തിയത്.
അർദ്ധരാത്രിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. എത്രരൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കൃത്യമായി വിലയിരുത്താനായിട്ടില്ല. വനമേഖലയില്‍ തീ പടർന്നത് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്കിറങ്ങാന്‍ കാരണമാകുമോ എന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.