വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ മൃതദേഹം സംസ്‌കരിച്ചു. തമിഴ്നാടിന്റെ ഭാഗമായ വെള്ളരിയിലായിരുന്നു സംസ്കാരം. കടയിൽ പോയി തിരിച്ചു വരികയായിരുന്ന മാനുവിനെ ഇന്നലെ 8 മണിയോടെയാണ് വീടിനു തൊട്ടു സമീപത്തു വെച്ച് കാട്ടാന കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി 8 മണിയോടെയാണ് കാട്ടാന ആക്രമണമുണ്ടായത്. സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് കാപ്പാട് ഊരിനടുത്തു വെച്ച് കാട്ടാന ആക്രമിച്ചത് തുമ്പികൈ വെച്ച് എറിഞ്ഞ ശേഷം കൊമ്പ് വെച്ച് കുത്തി. രാവിലെയാണ് മൃതദേഹം കണ്ടത്. ആനയെ കണ്ട് ഓടിയ ചന്ദ്രികയെ പിന്നീട് നമ്പ്യാർക്കുന്ന് ഭാഗത്തു നിന്ന് കണ്ടെത്തി. പ്രദേശത്തു ഫെൻസിങ്ങൊരുക്കാൻ പോലും വനം വകുപ്പ് തയ്യാറായിരുന്നില്ലെന്നും സ്ഥിരം ആനകളെത്തുന്നതോടെ പുറത്തിറങ്ങാൻ പോലും ഭയമാണെന്നും പ്രദേശവാസികൾ.
ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ സമ്മതിച്ചത്. വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ നേരിട്ടെത്തി നൽകിയ ഉറപ്പിൽ മൃതദേഹം പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോസ്റ്റുമോർട്ട ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ തഹസിൽദാർ എത്തിയില്ലെന്നറിയിച്ചു യുഡിഎഫ് നേതാക്കൾ മോർച്ചറിക്കു സമീപം നടത്തിയ പ്രതിഷേധത്തിൽ നേരിയ സംഘർഷമുണ്ടായി. വൈൽഡ്ലൈഫ് വാർഡന്റെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധത്തിലും സംഘർഷം നഷ്ടപരിഹാരം ഇന്നു തന്നെ കൈമാറുമെന്ന വാർഡന്റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ മാനുവിന്റെ മൃതദേഹം തമിഴ്നാടിന്റെ ഭാഗമായ വെള്ളരിയിൽ സംസ്കരിച്ചു. അതേ സമയം കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ നാളെ ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും ഹർത്താലിനു ആഹ്വാനം ചെയ്തു.