വഴി തടഞ്ഞുള്ള പരിപാടികൾക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ രാഷ്ട്രീയ നേതാക്കൾ ഹൈക്കോടതിയിൽ. സിപിഎം, സിപിഐ, കോൺഗ്രസ് നേതാക്കളാണ് കോടതിയിൽ നേരിട്ടെത്തിയത്. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്ന് വ്യക്തമാക്കിയ കോടതി ഉദ്യോഗസ്ഥരുടെ മാപ്പപേക്ഷയിലും സത്യവാങ്മൂലങ്ങളിലും അതൃപ്തി പ്രകടപ്പിച്ചു.
സിപിഎം നേതാവും മുൻ സ്പീക്കറുമായ എം.വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി, വി.കെ പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ടി.ജെ വിനോദ് എംഎൽഎ എന്നിവരാണ് കോടതിയിൽ നേരിട്ട് ഹാജരായത്. നിരുപാധികം മാപ്പപേക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചത് കോടതി കേട്ടെങ്കിലും വിമർശനത്തിന് യാതൊരു കുറവുമുണ്ടായില്ല. തങ്ങളാരും സമരത്തിന് എതിരല്ലെന്ന് പറഞ്ഞ കോടതി, എന്നാൽ റോഡും നടപ്പാതയും അതിനുള്ള സ്ഥലമല്ലെന്ന് വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർമാർ എന്നിവർ സമർപ്പിച്ച സത്യവാങ്മൂലത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർന്ന് കേസിലെ എതിർകക്ഷികൾ ഓരോരുത്തരും പ്രത്യേകം സത്യവാങ്മൂലം സമർപ്പിക്കണെന്നും പൊലീസ് അധിക സത്യവാങ്മൂലവും സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇന്ന് ഹാജരായവരെ ഇനി നേരിട്ടുഹാജരാകുന്നതിൽ നിന്ന് കോടതി ഒഴിവാക്കി. ഇന്ന് ഹാജരാകാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ബുധനാഴ്ച വൈകിട്ട് നാലിന് ഹാജരാകണം. കോടതി ഉത്തരവുകളും നിരീക്ഷണങ്ങളും പാലിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ തെരുവിൽ സമരം തുടരുമെന്ന് പുറത്തിറങ്ങിയശേഷം എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു
വഴി തടഞ്ഞുള്ള പരിപാടി മൂലം കുട്ടികളുൾപ്പെടെ ബുദ്ധിമുട്ടുന്നത് കണ്ടാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ എൻ.പ്രകാശ് പറഞ്ഞു. കേസ് മാർച്ച് മൂന്നിന് കോടതി വീണ്ടും പരിഗണിക്കും