ഫണ്ട് ലഭിക്കുന്നതിലെ കാലതാമസത്തെ തുടര്‍ന്നാണ് പണം നല്‍കാന്‍ വൈകിയതെന്ന് പകുതിവില തട്ടിപ്പുകേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്‍റെ ശബ്ദസന്ദേശം. ആരെയും പറ്റിക്കാന്‍ ശ്രമിച്ചതല്ലെന്നും ജയിലില്‍ നിന്നിറങ്ങിയാല്‍ പണമോ സാധനങ്ങളോ തിരികെ നല്‍കുമെന്നും അനന്തു സീഡ് സൊസൈറ്റിക്കയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു. താന്‍ അകത്ത് കിടന്നാല്‍ ഇത് നടക്കില്ലെന്നും കൂടുതല്‍ പരാതി നല്‍കരുതെന്നുമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നയച്ച അഭ്യര്‍ഥനയില്‍ പറയുന്നത്.
എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍റെ ഫണ്ട് കിട്ടാത്തത് പ്രതിസന്ധിയായെന്നും പ്രതീക്ഷിച്ച സിഎസ്ആര്‍ ഫണ്ടുകള്‍ ലഭിച്ചില്ലെന്നും അനന്തു പറയുന്നു.ഫണ്ട് ശേഖരിക്കാനായി ശ്രമിക്കുന്നതിനിടയിലാണ് താന്‍ അറസ്റ്റിലായതെന്നുമാണ് അനന്തുവിന്‍റെ ന്യായം പറച്ചില്‍. കിട്ടിയ പണം താന്‍ റോള്‍ ചെയ്തുവെന്നും ആദ്യം അപേക്ഷിച്ചവര്‍ക്ക് നല്‍കിയെന്നും അനന്തു അവകാശപ്പെടുന്നു.
അതിനിടെ അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും 450 കോടി രൂപയുടെ ഇടപാട് ഇതുവഴി നടന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. രണ്ടുകോടി രൂപയ്ക്ക് അനന്തു ഭൂമി വാങ്ങി. ബന്ധുക്കളുടെ പേരിലും ഭൂമി വാങ്ങിക്കൂട്ടിയെന്നും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനോട് അനന്തു ആദ്യം സഹകരിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി അനന്തു കൃഷ്ണന്റെ മൂന്ന് കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റാണെന്ന കെ.എന്‍. ആനന്ദകുമാറിന്‍റെ വാദം ലാലി വിന്‍സെന്‍റ് തള്ളി. ആനന്ദകുമാറിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു.