പകുതിവില തട്ടിപ്പില്‍ അനന്തകൃഷ്ണന്‍ തന്നെ ആയുധമാക്കിയെന്നും വഞ്ചിച്ചുവെന്നും ആരോപണ വിധേയനായ കെ.എന്‍.ആനന്ദകുമാര്‍. തട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മനോരമന്യൂസിനോടാണ് ആനന്ദകുമാറിന്‍റെ ആദ്യ പ്രതികരണം. സുതാര്യതയിൽ സംശയം തോന്നിയപ്പോഴാണ് ഫെഡറേഷനിൽ നിന്ന് രാജി വെച്ചതെന്നും ആനന്ദകുമാര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റാണ് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത്. സായി ട്രസ്റ്റിന് സിഎസ്ആര്‍ ഫണ്ട് വാഗ്ദാനം ചെയ്തായിരുന്നു സന്ദര്‍ശനമെന്നും ആനന്ദകുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു. തട്ടിയെടുത്ത പണം മുഴുവന്‍ അനന്തുകൃഷ്ണന്‍റെ കമ്പനിയിലേക്കാണ് പോയത്. ആ കമ്പനിയില്‍ പങ്കാളികളില്ലെന്നും തട്ടിപ്പില്‍ മാറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
താന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷനെ അനന്തു ആയുധമാക്കിയെന്നും ആനന്ദകുമാര്‍ പറയുന്നു. ഫെഡറേഷന്‍റെ കോ–ഓര്‍ഡിനേറ്റര്‍ പദവിയില്‍ ഇരുന്നാണ് അനന്തു തട്ടിപ്പ് നടത്തിയത്. പദവി നല്‍കിയത് താനടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണെങ്കിലും അനന്തുവിനെ സംഘടനയിലേക്ക് ക്ഷണിച്ചത് ആരാണെന്നതില്‍ ആനന്ദകുമാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. സ്വയം അറിഞ്ഞുവന്നുവെന്നായിരുന്നു വിശദീകരണം. അനന്തുകൃഷ്ണനുമായി ഇടപാട് നടത്താന്‍ ആരെയും താന്‍ പ്രോല്‍സാഹിപ്പിച്ചിട്ടില്ലെന്നും പണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റിട്ടില്ലെന്നും ആനന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയിലുള്ളവരാണ് എല്ലാത്തിനും പരിഹാരം കാണേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
അതേസമയം, തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയിൽ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തല്‍. എന്‍ജിഒ കോൺഫെഡറേഷന്റെ ചുമതലയിൽ നിന്ന് ആനന്ദകുമാർ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്. പിടിയിലായ അനന്തുകൃഷ്ണൻ ആനന്ദകുമാറിന്റെ ബെനാമി ആണോ എന്നും പൊലീസ് പരിശോധിക്കുന്നു. എട്ടുമാസം കൊണ്ട് നാല് അക്കൗണ്ടുകളിലേക്ക് എത്തിയത് 500 കോടിയിൽ അധികം തുകയെന്നും കണ്ടെത്തി. തട്ടിപ്പിനായി രൂപീകരിച്ച എന്‍ജിഒ കോൺഫെഡറേഷൻ സംഘടന ഭാരവാഹികൾക്ക് എതിരെയും അന്വഷണം ആരംഭിച്ചു. അനന്തുകൃഷണന്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും.