പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയുടെ ചോദ്യം ചെയ്യലിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്‍റെ അയല്‍വാസിയായ പുഷ്പയെ കൊലപ്പെടുത്താന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതിനാല്‍ പുഷ്പ രക്ഷപ്പെട്ടു. പരോളിന് ശ്രമിക്കില്ലെന്നും ചെയ്തത് വലിയ തെറ്റെന്നും ചെന്താമര. ആലത്തൂര്‍ ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്
ഭാവദേമില്ലാതെ, പശ്ചാത്താപമില്ലാതെ കൊലപാതക രീതിയും രക്ഷപ്പെട്ട വഴികളും പൊലീസിനോട് വിശദീകരിച്ച് പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഇരട്ടക്കൊലയ്ക്കുശേഷം വീടിന് പിന്നിലൂടെ രക്ഷപ്പെട്ടതും രാത്രിയിൽ വനത്തിലെ പാറയുടെ കീഴിലായി കിടന്നുറങ്ങിയതും തെളവെടുപ്പിനിടെ പൊലീസിനോട് വെളിപ്പെടുത്തി. വന്‍ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ നിന്നും ആലത്തൂർ കോടതിയിലെത്തിച്ച ചെന്താമരയെ ബുധനാഴ്ച വൈകിട്ട് മൂന്ന് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പിന്നാലെ കൊലപാതകമുണ്ടായ പോത്തുണ്ടിയിലേക്ക്. കൊലപാതകമുണ്ടായ സ്ഥലത്ത് കനത്ത സുരക്ഷാ വലയത്തില്‍ എത്തിച്ച ചെന്താമര പൊലീസിനോട് ഭാവഭേദമില്ലാതെ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. കൊലയ്ക്ക് ശേഷം വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ട് സമീപത്തെ തോട്ടിലെ കല്‍ക്കെട്ടില്‍ ഒളിച്ചു. നെൽപ്പാടം കടന്ന് രാത്രിയിൽ വനത്തിലേക്ക് കയറി. പൊലീസ് വാഹനത്തിന്റെ വരവും രാത്രിയിൽ ആളുകൾ തെരച്ചിലിനായി ടോർച്ച് തെളിച്ചതുമെല്ലാം കണ്ട് വീണ്ടും മലയുടെ മുകളിലേക്ക് മാറിയെന്നും തെളിവെടുപ്പിനിടെ ചെന്താമര അന്വേഷണ സംഘത്തിനോട് വിവരിച്ചു.
നാട്ടുകാരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ കരുതലിലാണ്
മുക്കാല്‍ മണിക്കൂര്‍ നീണ്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ചെന്താമരയെ വീണ്ടും ആലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊപ്പം ആയുധം വാങ്ങിയ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പും അടുത്തദിവസം പൂർത്തിയാക്കുമെന്ന് ആലത്തൂർ ഡിവൈഎസ്പി എൻ.മുരളീധരൻ പറഞ്ഞു.