കണ്ണൂര്‍ മുൻ എഡിഎം നവീൻ ബാബുവിനെതിരായ പി.പി.ദിവ്യയുടെ പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രി. ദിവ്യയുടെ പരാമർശം പാർട്ടി കേഡറിന് നിരക്കാത്തതാണെന്നും ദിവ്യ ജാഗ്രത പുലർത്തിയില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടുവെന്നും പിണറായി വിജയൻ മറുപടി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മൂന്ന് ദിവസമായി നടന്നു വരുന്ന ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചക്ക് ശേഷം മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ .. ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കെ പാലിക്കേണ്ട ജാഗ്രത ദിവ്യയിൽ നിന്നുണ്ടായില്ല. പത്തനംതിട്ട സിപിഎം ജില്ലാ ഘടകം സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്നും ദിവ്യക്കെതിരായ പാർട്ടി നടപടി എല്ലാ തലവും പരിശോധിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടുവെന്ന് പൗരത്വ ഭേദഗതി, പലസ്തീൻ വിഷയങ്ങൾ സൂചിപ്പിച്ച് പിണറായി വിജയൻ പ്രതിനിധികൾക്ക് മറുപടി നൽകി. എതിരാളികളുടെ പ്രചാരണം ഒരു പരിധി വരെ വിജയിച്ചെന്നും നിലപാടുകൾ തെറ്റിദ്ധരിക്കപ്പെട്ടോ എന്ന് ഗൗരവത്തിൽ പരിശോധിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. വൈകിട്ട് തളിപ്പറമ്പിലെ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം അവസാനിക്കും.