land-board-notice-1711

തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെതിരായ മിച്ചഭൂമി കേസില്‍ വിചിത്ര നടപടിയുമായി ലാന്‍ഡ് ബോര്‍‍ഡ്.  പരാതിക്കാസ്പദമായ ഭൂമിയിലെത്തി തെളിവുനല്‍കാന്‍ പരാതിക്കാരന് ലാന്‍ഡ് ബോര്‍ഡ് നോട്ടിസയച്ചു. അതേസമയം ജോര്‍ജ്.എം.തോമസിന്‍റെ കൈവശമുള്ള സ്ഥലത്തെത്തി തെളിവ് ഹാജരാക്കണമെന്ന നിര്‍ദേശം തന്നെ സമ്മര്‍ദത്തിലാക്കാനാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ലാന്‍ഡ് ബോര്‍ഡ് അംഗങ്ങള്‍ ഇന്ന് സ്ഥലം പരിശോധിക്കും.  

 

തിരുവമ്പാടി മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ ജോര്‍ജ് എം തോമസ് കോഴിക്കോട് തോട്ടുമുക്കത്ത് 16 ഏക്കര്‍ 40 സെന്‍റ് മിച്ചഭൂമി കൈവശംവച്ചതായി രണ്ടായിരത്തില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഭൂമി തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് 20 വര്‍ഷം കഴിഞ്ഞിട്ടും ലാന്‍ഡ് ബോര്‍ഡ് നടപ്പാക്കിയില്ലെന്നാണ് തിരുവമ്പാടി സ്വദേശി സൈതലവിയുടെ പരാതി. പരാതിയില്‍ തെളിവെടുപ്പിനായി ലാന്‍ഡ് ബോര്‍ഡ് അംഗങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ പരാതിക്കാരനോടും ഹാജരാകാനാണ് നോട്ടീസ്. അസാധാരണ നിര്‍ദേശം ദുരുദ്ദ്യേശപരമെന്നാണ് പരാതിക്കാരന്‍ പറയുന്നത്. 

 

അതേസമയം മിച്ചഭൂമി കൃത്യമായി മനസിലാക്കാനായാണ് പരാതിക്കാരനെ സ്ഥലത്തേക്ക് വിളിച്ചത് എന്നാണ് ലാന്‍ഡ് ബോര്‍ഡിന്‍റെ വിശദീകരണം. പരാതിക്കാസ്പദമായ സ്ഥലത്തെ ജോര്‍ജ് എം തോമസിന്‍റെ വീടുള്‍പ്പെടുന്ന ഒരേക്കര്‍, കേസിനിടെ മറ്റൊരാള്‍ക്ക് വിറ്റ് പിന്നീട് ഭാര്യയുടെ പേരില്‍ തിരികെവാങ്ങിയതായും പരാതിയില്‍ ഉന്നയിച്ചിരുന്നു. മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിനുപിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ട്. അതേസമയം തന്‍റെ പേരില്‍ മിച്ചഭൂമിയില്ല എന്നാണ്  ജോര്‍ജ് എം തോമസിന്‍റെ വിശദീകരണം. 

 

Land Board took a strange action in the surplus land case against Tiruvambadi former MLA George M Thomas. The Land Board issued a notice to the complainant to come to the land in question and give evidence.