acmoideen

കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണംെവളുപ്പിച്ച കേസില്‍  റെയ്ഡിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകളിലേക്ക് നീങ്ങാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകാതിരുന്ന മുന്‍ മന്ത്രി എ.സി.മൊയ്തീന് ഈ ആഴ്ചതന്നെ വീണ്ടും നോട്ടിസ് നല്‍കും. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്കും അന്വേഷണം വ്യാപിപിച്ച ഇഡി ബാങ്ക് സെക്രട്ടറിയെയും ചോദ്യം ചെയ്യുകയാണ്. 

 

സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ച കേസില്‍ കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം നീട്ടുകയാണ് ഇഡി. എ.സി. മൊയ്തീന് പുറമെ തൃശൂര്‍ ജില്ലയിലെ കൂടുതല്‍ സിപിഎം നേതാക്കളും ബന്ധുക്കളും ഇഡിയുടെ നിരീക്ഷണത്തിലാണ്. മുന്‍ എംഎല്‍എയും സഹോദരനും ഉള്‍പ്പെടെ അന്വേഷണ പരിധിയിലേക്ക് എത്തുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. മൊഴികളും തെളിവുകളും സമാഹരിച്ച് കാത്തിരുന്ന ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് എ.സി. മൊയ്തീന്‍ ഇത്തവണയും ഒഴിഞ്ഞുമാറി. രാത്രി തന്നെ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറിയ മൊയ്തീന്‍ എംഎല്‍എമാര്‍ക്കുള്ള ക്ലാസില്‍ ഇരിപ്പുറപ്പിച്ചു. ക്ലാസുള്ളതിനാല്‍ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഇഡിക്ക് മെയിലയച്ചു. മൊയ്തീന്‍റെ അറസ്റ്റിലേക്ക് ഇഡി നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഈ നീക്കം. ഒരു ദിവസം വരെ നീണ്ട റെയ്ഡിന് പിന്നാലെ മാരത്തണ്‍ ചോദ്യം ചെയ്യലും പുനരാരംഭിച്ചിരിക്കുകയാണ് ഇഡി. കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, സിപിഎം കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്‍.വി. ബിനു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി വിളിപ്പിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗം എന്‍.കെ. കണ്ണനാണ് ബാങ്കിന്‍റെ പ്രസിഡന്‍റ്.  ബാങ്ക് ഭരണസമിതികള്‍ക്കപ്പുറം സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാന്‍ തയാറെടുക്കുകയാണ് ഇഡി. കേസില്‍ അറസ്റ്റിലായ പി. സതീഷ്കുമാര്‍, പി.പി. കിരണ്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം മൂന്ന് വരെ നീട്ടി.