karuvannur

പണം കിട്ടാത്തതിൽ പ്രതിഷേധിച്ച് കരുവന്നൂർ ബാങ്കിൽ പെട്രോൾ ഒഴിച്ച് നിക്ഷേപകൻ. പൊറത്തിശ്ശേരി ശാഖയിലെ കൗണ്ടർ മേശയിൽ ആണ് കൂത്തുപാലക്കൽ സുരേഷ് പെട്രോൾ ഒഴിച്ചത്. ബിജെപിയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി.

ഇന്ന് രാവിലെയാണ് കരുവന്നൂര്‍ ബാങ്ക് ശാഖയിലെത്തിയ നിക്ഷേപകന്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ മേശയിൽ പെട്രോളൊഴിച്ചത്.

കൂത്തുപാലക്കല്‍ സുരേഷ് ആണ് അടച്ച തുക തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധവുമായി ബാങ്കിലെത്തിയത്. കഴിഞ്ഞ മാസം 19നാണ് നിക്ഷേപകനായ സുരേഷ് തനിക്ക് ലഭിക്കാനുള്ള പണം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. എന്നാൽ ഇന്ന് രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും തുക പാസ്സായി വന്നീട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.  ഇതുകേട്ട് തിരിച്ചുപോയ സുരേഷ് തിരികെ ഒരു കുപ്പി പെട്രോളുമായി എത്തി ജീവനക്കാര്‍ ഇരിക്കുന്നതിന് മുൻപിലുള്ള മേശയിൽ പെട്രോൾ ഒഴിച്ചു. ബാങ്കിൽ കയറിയിറങ്ങി മടുത്തെന്നും അതിൽ തന്റെ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും സുരേഷ് പറഞ്ഞു.  സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാരോപിച്ച് സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. 

ENGLISH SUMMARY:

Karuvannur Bank fraud has led to a depositor pouring petrol in protest over delayed refunds. The incident occurred at the Porathissery branch, sparking political accusations.