കരുവന്നൂരില്‍ ഇ.ഡി. പിടിച്ചെടുത്ത പണവും സ്വത്തും വിതരണം ചെയ്യേണ്ടത് ബാങ്ക് മുഖേനയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിന് ബാങ്ക് വിചാരിക്കണം. ഇ.ഡി. എല്ലാം കോടതിയ്ക്കു കൈമാറിയിട്ടുണ്ടെന്നും സുരേഷ് ഗോപി കലുങ്ക് സംവാദത്തില്‍ വ്യക്തമാക്കി.
തൃശൂര്‍ മുല്ലശേരിയിലായിരുന്നു കലുങ്ക് സൗഹൃദ സദസ്. ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശിനിയായ ആനന്ദവല്ലിയോടുള്ള സുരേഷ് ഗോപിയുടെ മറുപടി വിവാദമായിരുന്നു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകയായ ആനന്ദവല്ലി ചേച്ചി നിക്ഷേപത്തിന്‍റെ കാര്യത്തില്‍ തന്‍റെ നെഞ്ചത്തു കയറിയിട്ട് കാര്യമില്ലെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരുവന്നൂര്‍ നിക്ഷേപകരുടെ കാര്യത്തില്‍ ഇ.ഡിയുടെ നടപടി വിശദീകരിച്ചിരുന്നു. തീരുമാനമെടുക്കേണ്ടത് സഹകരണ വകുപ്പ് മന്ത്രിയാണെന്ന് സുരേഷ് ഗോപി ഓര്‍മിപ്പിച്ചു. കലുങ്ക് സൗഹൃദ സദസ് പരദൂഷണ വേദിയാണെന്ന മന്ത്രി ആര്‍.ബിന്ദുവിന്‍റെ കുറ്റപ്പെടുത്തലിനും സുരേഷ് ഗോപി മറുപടി നല‍്കി.
കലുങ്ക് പരിപാടിയെ വക്രീകരിക്കാന്‍ ശ്രമം നടക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വോട്ടു ചെയ്തു വിജയിപ്പിച്ചാല്‍ വികസനം വരുമെന്നോര്‍ക്കണം. ബി.ജെ.പി. ഭരിക്കുന്ന അവിണിശേരി പഞ്ചായത്ത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി പറഞ്ഞു.