സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ വിവാദത്തിലെ ആനന്ദവല്ലിക്ക് ‘മരുന്നിന്’ആശ്വാസം. മരുന്ന് വാങ്ങുന്നതിനായി ആവശ്യപ്പെട്ട പതിനായിരം രൂപയാണ് കരുവന്നൂര്‍ ബാങ്ക് നൽകിയത്. സി.പി.എം. പ്രവർത്തകരാണ് ആനന്ദവല്ലിയെ ബാങ്കിലെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് കലുങ്ക് സംവാദത്തിൽ വെച്ച് ആനന്ദവല്ലി സുരേഷ് ഗോപിയോട് തന്റെ നിക്ഷേപം തിരികെ ലഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. ഇതിന് മറുപടിയായി, ഇ.ഡി. പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകിയാൽ അത് സ്വീകരിച്ച് നിക്ഷേപകർക്ക് വീതിച്ച് നൽകാൻ മുഖ്യമന്ത്രിയോട് പറയാനാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഈ സംഭവം ആനന്ദവല്ലിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയിരുന്നു.
ആനന്ദവല്ലിക്ക് ബാങ്കിൽ 1.75 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ് കലുങ്ക് സംവാദത്തിലെ മറ്റൊരു വ്യക്തിക്ക് സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം നിരസിച്ചപ്പോൾ സി.പി.എം. അവർക്ക് വീട് നിർമ്മിച്ചു നൽകിയിരുന്നു. ഇത് രണ്ടാം തവണയാണ് കലുങ്ക് സംവാദം വിവാദമായതിന് ശേഷം സി.പി.എം. ഇടപെട്ട് സഹായം ചെയ്യുന്നത്.