hardik-david-miller-ind-vs-sa-2202

ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ അപരാജിത കുതിപ്പിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങിയ ഇന്ത്യ 76 റൺസിനാണ് തകർന്നടിഞ്ഞത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 111 റൺസ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ഇന്ത്യയോട് മധുരപ്രതികാരം വീട്ടാനും ഇതോടെ പ്രോട്ടീസിനായി.

റൺമഴ പെയ്യുമെന്ന് പ്രതീക്ഷിച്ച പിച്ചിൽ ഇന്ത്യയുടെ തുടക്കം തന്നെ ഞെട്ടിക്കുന്നതായിരുന്നു. വെറും 26 റൺസ് എടുക്കുന്നതിനിടെ മുൻനിരയിലെ മൂന്ന് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. പാകിസ്ഥാനെതിരെയുള്ള വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഇഷാൻ കിഷൻ പൂജ്യനായി പുറത്തായപ്പോൾ, തിലക് വർമ്മയ്ക്ക് ഒരു റണ്ണും അഭിഷേക് ശർമ്മയ്ക്ക് 15 റണ്ണും മാത്രമേ നേടാനായുള്ളൂ. പിന്നീട് ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ചേർന്ന് 35 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നൽകിയെങ്കിലും അത് തകർന്നതോടെ ഇന്ത്യയുടെ തോൽവി ഉറപ്പായി.

നേരത്തെ നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരവസരത്തിൽ 20 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ തകർന്നതായിരുന്നു. എന്നാൽ 'കില്ലർ മില്ലർ' എന്ന് വിളിക്കപ്പെടുന്ന ഡേവിഡ് മില്ലറുടെ ബാറ്റിങ് വെടിക്കെട്ട് മത്സരത്തിന്റെ ഗതി മാറ്റി. 35 പന്തിൽ അർദ്ധ സെഞ്ചുറി തികച്ച മില്ലർ, യുവതാരം ഡെവാൾഡ് ബ്രെവിസിനൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ 97 റൺസാണ് കൂട്ടിച്ചേർത്തത്. പിന്നീട് ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം ചേർന്ന് നടത്തിയ മിന്നൽ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ 187 എന്ന മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ ജസ്പ്രീത് ബുമ്ര നടത്തിയ കൃത്യതയാർന്ന ബോളിങ്ങാണ് സ്കോർ 200 കടക്കാതെ നിയന്ത്രിച്ചത്.

ഇന്ത്യൻ ബോളർമാരിൽ വരുൺ ചക്രവർത്തിയുടെ പ്രകടനം നിരാശജനകമായി. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തി മേൽക്കൈ നേടാറുള്ള വരുൺ 40 റൺസിലധികം വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ഇത് ദക്ഷിണാഫ്രിക്കയ്ക്ക് മധ്യ ഓവറുകളിൽ കൂടുതൽ റൺസ് കണ്ടെത്താൻ അവസരമൊരുക്കി. സൂപ്പർ എട്ടിലെ ആദ്യ തോൽവിയോടെ സെമി ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ വരും മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിക്കേണ്ട വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.