canada-qatar-world-cup-match

ഫിഫ ലോകകപ്പില്‍ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ച് ആതിഥേയരായ കാനഡ. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് കാനഡ ഖത്തറിനെ തകർത്തത്. സൂപ്പർ താരം ജൊനാഥൻ ഡേവിഡിന്റെ തകർപ്പൻ ഹാട്രിക്കാണ് കാനഡയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. അതിനിടെ രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തായതും ഖത്തറിന് തിരിച്ചടിയായി. കാനഡയ്ക്കായി ജൊനാഥൻ ഡേവിഡ് മൂന്ന് ഗോളുകൾ നേടിയപ്പോൾ, കൈല്‍ ലാറിൻ (16'), നതാൻ സാലിബ (64') എന്നിവരും ഖത്തറിന്‍റെ ഗോള്‍വല കുലുക്കി. ഒരു ഗോൾ ഖത്തർ താരത്തിന്റെ വക സെൽഫ് ഗോളായിരുന്നു. അതേസമയം, മലയാളി താരം തഹ്‌സിന്‍ മുഹമ്മദിന് ഇന്നും കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. 

കൈൽ ലാറിനിലൂടെ 16ാം മിനിറ്റിലാണ് കാനഡ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 29ാം മിനിറ്റില്‍ ജൊനാഥൻ ഡേവിഡിലൂടെ രണ്ടാം ഗോളും. 33ാം മിനിറ്റില്‍ കനേഡിയൻ താരം താജോൺ ബുക്കാനനെ ഫൗൾ ചെയ്തതിന് ഖത്തറിന്റെ ഹോമം അഹ്‌മദ് നേരിട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു (45+3) ഡേവിഡ് തന്റെ രണ്ടാം ഗോൾ നേടി കാനഡയുടെ ലീഡ് മൂന്നായി ഉയര്‍ത്തിയത്. (3-0)

രണ്ടാം പകുതി തുടങ്ങി 54ാം മിനിറ്റില്‍ കാനഡയുടെ ഇസ്മായിൽ കോനെയെ ഫൗൾ ചെയ്തതിന് ഖത്തറിന്റെ അസിം മദിബോയ്ക്കും റഫറി ചുവപ്പുകാർഡ് നൽകി. അസിം മദിബോയുടെ ടാക്കിളില്‍ കോനെയുടെ കാലൊടിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഒൻപത് പേരുമായി ഖത്തർ കളം ചുരുങ്ങി. 64ാം മിനിറ്റില്‍ നതാൻ സാലിബയുടെ മനോഹരമായ ഫ്രീ കിക്കിലൂടെ കാനഡ നാലാമതും ഖത്തറിന്‍റെ ഗോള്‍ വല കുലുക്കി. പരിക്കേറ്റ കോനെയുടെ ജേഴ്സി ഉയർത്തിക്കാട്ടിയാണ് കനേഡിയൻ താരങ്ങൾ ഈ ഗോൾ ആഘോഷിച്ചത്.

75ാം മിനിറ്റില്‍ ഖത്തർ താരം മുഹമ്മദ് മനായുടെ പിഴവിൽ നിന്ന് സെൽഫ് ഗോളിലൂടെയാണ് കാനഡയ്ക്ക് അഞ്ചാമത്തെ ഗോള്‍ ലഭിച്ചത്. ഫൽബർഗ് ഖത്തർ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്ത പന്ത് മനാ ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ കാലിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. ഇഞ്ചുറി ടൈമിൽ (90+1) തന്റെ ഹാട്രിക് പൂർത്തിയാക്കി ജൊനാഥൻ ഡേവിഡ് കാനഡയുടെ ഗോൾപ്പട്ടിക തികച്ചു (6-0).

ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും വൻ വിജയം നേടിയ സ്വിറ്റ്സർലൻഡിന് പിന്നിൽ നാല് പോയിന്റുമായി ഗ്രൂപ്പ് ബി-യിൽ രണ്ടാം സ്ഥാനത്താണ് കാനഡ. മാത്രമല്ല ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ കാനഡയ്ക്ക് വലിയ സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്.

ഖത്തറിനെതിരെ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടിയതോടെ ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ആദ്യ കനേഡിയൻ പുരുഷ താരമെന്ന റെക്കോർഡ് ജൊനാഥൻ ഡേവിഡ് സ്വന്തമാക്കി. 

ENGLISH SUMMARY:

Host nation Canada made history at the 2026 FIFA World Cup by securing their first-ever tournament victory in a commanding 6-0 triumph over Qatar at BC Place, Vancouver. The match was defined by a spectacular hat-trick from Jonathan David, who became the first Canadian male player to achieve this feat on the world stage and the first host-nation player to do so since 1966. Qatar's challenge crumbled early as they were reduced to nine men following red cards for Homam Ahmed and Assim Madibo, the latter resulting in a serious injury to Canada's Ismaël Koné. Beyond David’s brilliance, Cyle Larin and Nathan Saliba also found the back of the net, supplemented by a Qatar own-goal. This emphatic result places Canada second in Group B with four points, significantly bolstering their prospects for a knockout stage qualification. The team’s performance not only electrified the home crowd but also underscored Canada’s growing prominence in international football.