TAGS

പഞ്ചിങ്ങ് പൂര്‍ണതോതില്‍ നടപ്പാക്കണമെന്ന ചീഫ്സെക്രട്ടറിയുടെ ഉത്തരവിനു പുല്ലുവില. മാര്‍ച് 31 നകം പഞ്ചിങ്ങ് ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ശമ്പളം മാറാന്‍ കഴിയില്ലെന്നായിരുന്നു ഉത്തരവ്.ഉത്തരവിന്‍റെ സമയപരിധി ഇന്നലെ തീര്‍ന്നപ്പോള്‍ 656 ഓഫിസുകളില്‍ മാത്രമാണ് പഞ്ചിങ്ങ് നടപ്പായത്. 

 

ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ചീഫ് ആര്‍ക്കിടെക്ചറല്‍ ഓഫിസിനു മുന്നിലാണ്.ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്നു വിളിപ്പാടകലെയുള്ള ഈ ഓഫിസില്‍പോലും പഞ്ചിങ്ങ് നടപ്പായില്ല. കഴിഞ്ഞ ദിവസം മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തി അറ്റന്‍ഡന്‍സ് വിരങ്ങള്‍ തേടിയപ്പോഴാണ് അനാസ്ഥ ബോധ്യപ്പെട്ടത്.

 

പഞ്ചിങ്ങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന ചീഫ് സെക്രട്ടരിയുടെ പഞ്ച് ഡയലോഗും ഉത്തരവുമൊന്നും വകുപ്പു തലവന്‍മാര്‍ വകവച്ചില്ല . താമസിച്ചെത്തിയാലും ഇടയ്ക്ക് മുങ്ങിയാലും പിടിയ്ക്കുന്നതിനു വേണ്ടിയാണ് ശമ്പള സോഫ്റ്റുവെയരായ സ്പാര്‍ക്കുമായി പഞ്ചിങ്ങ് മെഷീന്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടത്. 2016 മുതല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതാണ് പഞ്ചിങ്ങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടു നീണ്ടുപോയി . ജൂണില്‍ വിരമിക്കുന്ന ചീഫ് സെക്രട്ടരി അതിനു മുമ്പ് പഞ്ചിങ്ങ് നടപ്പാക്കുകയെന്ന ഉദ്യേശത്തോടെയാണ് മാര്‍ച് 31 എന്നത് അന്ത്യശാസനം നല്‍കുന്നത്. വര്‍ഷാവര്‍ഷം മാര്‍ച് 31 ഉണ്ടല്ലോയെന്നതാണ് പരിഹാസ ചോദ്യം. ആകെയുള്ള 46 വകുപ്പുകളിലായി 5232  ഓഫിസുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇതിനു പുറമേയാണ് ഭൂമിയേറ്റെടുക്കല്‍ പോലെയുള്ള താല്‍ക്കാലികാവശ്യങ്ങള്‍ക്കായി രുപീകരിച്ച ഓഫിസുകള്‍. ഫണ്ടിന്‍റെ അഭാവം, സാങ്കേതിക സഹായം നല്‍കുന്ന കെല്‍ട്രോണിന്‍റെ സഹായം ലഭ്യമാകുന്നില്ല, സോഫ്റ്റ്വെയര്‍ തകരാര്‍ തുടങ്ങിയ കാരണങ്ങളാണ് നിരത്തുന്നത്. ചുരുക്കത്തില്‍ പഞ്ചിങ്ങിനു വേണ്ടിയുള്ള അന്ത്യശാസനങ്ങളുടെ പട്ടികയില്‍ ഒന്നു കൂടിയായി ഇപ്പോഴത്തെ അന്ത്യശാസനം