പഞ്ചിങ്ങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിനു പുല്ലുവില. ജനുവരി ഒന്നിനു നടപ്പാക്കണമെന്നാവശ്യപ്പെട്ട കലക്ട്രേറ്റുകളില്‍ പോലും നടപ്പായില്ല. മാര്‍ച്ച് 31 നകം ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാത്ത ഓഫിസുകള്‍ക്ക് ശമ്പളം മാറാന്‍ കഴിയില്ലെന്നു ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചു.

 

പഞ്ചിങ്ങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന ചീഫ് സെക്രട്ടരിയുടെ പഞ്ച് ഡയലോഗൊന്നും വകുപ്പു തലവന്‍മാര്‍ വകവച്ചില്ല. ജനുവരി ഒന്നു മുതല്‍ നടപ്പാക്കണമെന്നു അന്ത്യശാസനം  നല്‍കിയ വകുപ്പുകള്‍പോലും മാസവസാനമെത്തുമ്പോഴും പഴയ പടിയില്‍ തന്നെയാണു പോക്ക്. കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ജനുവരി ഒന്നു മുതല്‍ പഞ്ചിങ്ങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്നു നിര്‍ദേശം നല്‍കിയത്. പാലക്കാട് കലക്ട്രേറ്റില്‍ മാത്രമാണ് ഇതുവരെ പൂര്‍ണതോതില്‍ നടപ്പാക്കിയത്. താമസിച്ചെത്തിയാലും ഇടയ്ക്ക് മുങ്ങിയാലും പിടിയ്ക്കുന്നതിനു വേണ്ടിയാണ് ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്കുമായി പഞ്ചിങ്ങ് മെഷീന്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടത്. 

 

2016 മുതല്‍ പഞ്ചിങ്ങില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. വര്‍ഷം ആറു പിന്നിടുമ്പോഴും 65 ഓഫിസുകളില്‍ മാത്രമാണ് ഇതുവരെ പഞ്ചിങ്ങ് പൂര്‍ണ അര്‍ഥത്തില്‍ നടപ്പായത്. ആകെയുള്ള 46 വകുപ്പുകളിലായി 5232  ഓഫിസുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇതിനു പുറമേയാണ് ഭൂമിയേറ്റെടുക്കല്‍ പോലെയുള്ള താല്‍ക്കാലികാവശ്യങ്ങള്‍ക്കായി രുപീകരിച്ച ഓഫിസുകള്‍. 

 

നിര്‍ദേശങ്ങളും ഉത്തരവുകളും ഫലം കാണാതായതോടെയാണ് ഇനി ശമ്പളം കിട്ടില്ലെന്ന അവസാനത്തെ ആയുധം ചീഫ് സെക്രട്ടറി പുറത്തെടുത്തത്. മാര്‍ച്ച് 31 ആണു ഇതിനു സമയപരിധി പറ‍ഞ്ഞിരിക്കുന്നത്. തീരുമാനം നടപ്പാകുമോ, അന്ത്യശാസനങ്ങളുടെ പട്ടികയില്‍ ഒന്നു കൂടിയാകുമോയെന്നു ഏപ്രില്‍ ഒന്നിനറിയാം

 

The order to connect the punching spark was not carried out