സെക്രട്ടേറിയേറ്റിൽ ജീവനക്കാരുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കുന്ന പുതിയ പഞ്ചിങ്ങ് സിസ്റ്റമായ ആക്സസ് കൺട്രോളിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ. പ്രധാന കവാടങ്ങളിൽ മാത്രം സിസ്റ്റം പരിമിതപ്പെടുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സംഘടന പുറത്തിറക്കിയ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. പുറത്തേക്കിറങ്ങാൻ കഴിയാത്ത പഞ്ചിങ്ങ് സിസ്റ്റം ഒരുക്കുന്നവർ മൂത്രമൊഴിക്കാനുള്ള സംവിധാനം കൂടി സീറ്റുകളിൽ ഘടിപ്പിച്ചാൽ സന്തോഷം എന്നാണ് സെക്രട്ടറിയേറ്റിലെ അക്സസ് കൺട്രോൾ സിസ്റ്റത്തെ പരിഹസിച്ച് സി പി എം അനുകൂല  സംഘടന പറഞ്ഞത്. സെക്രട്ടേറിയേറ്റിൽ കാൽച്ചങ്ങലകൾ വേണ്ടെന്നും, ചില അഖിലേന്ത്യാ ഉദ്യോഗസ്ഥ പ്രമാണിമാർക്ക് ഈയിടെയായി സെക്രട്ടറിയേറ്റിലെ ജീവനക്കാരെ ജോലി ചെയ്യാത്തവരായി ചിത്രീകരിക്കുന്നെന്നും സംഘടന കുറ്റപ്പെടുത്തുന്നു. എന്നാൽ സർക്കാരിനെ പരസ്യമായി കുറ്റപ്പെടുത്താതെയായിരുന്നു വിമർശനം. 

 

CPM organization against punching system