കാസർകോട് മൂന്നാംമൈലിൽ മകന്റെ സുഹൃത്തിന് ആധാരം പണയംവച്ച് പണം നൽകി വെട്ടിലായി വയോധികന്‍. അനുവാദമില്ലാതെ മറ്റ് ഏഴുപേരുടെകൂടെ ചിട്ടിക്കും ലോണിനും എഴുപതുകാരന്‍ കൃഷ്ണന്‍റെ സ്ഥലം ഈടായി കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നീലേശ്വരം KSFE ഓഫിസ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
70കാരൻ കൃഷ്ണന്റെ മകൻ രാജേന്ദ്ര പ്രസാദിന്റെ സുഹൃത്ത് ഉണ്ണികൃഷ്ണന്റെ ആവശ്യത്തിന് വേണ്ടിയാണ് 2013ൽ 50 സെന്റ് സ്ഥലം ഈടുവച്ച് 8 ലക്ഷം രൂപ വായ്പയെടുത്തത്. തട്ടിപ്പ് ഇതല്ലേ, പിന്നീട് ഇവർ പോലും അറിയാതെ ഈ ആധാരം വച്ച് വിവിധ ചിട്ടികളും ലോണുകളും പാസാക്കിയെടുത്തു. ഇപ്പോൾ ആകെ ബാധ്യത 67 ലക്ഷത്തോളം രൂപ.
ഉണ്ണികൃഷ്ണൻ ഇപ്പോൾ ഗൾഫിലാണെന്ന് കുടുംബം പറയുന്നു. ജാമ്യം നിൽക്കാൻ വേണ്ട സത്യവാങ്മൂലവും ഒപ്പുകളും വ്യാജമായി നിർമിച്ചുവെന്നാണ് ഇവരുടെ ആരോപണം. നിലവിൽ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.